തലശ്ശേരി: നാട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് മണ്ണ് മാഫിയ തുരന്നെടുത്ത കുട്ടിമാക്കൂലിലെ അന്തോളി മല കാലവർഷം കനത്തതോടെ പൊടുന്നനെയിടിഞ്ഞു. ഏക്കറുകളോളം വിസ്തൃതിയും ഉയരവുമുള്ള മൂഴിക്കരക്കുന്നിന്റെ ഭാഗമായ അന്തോളി മലയിൽ കുട്ടിമാക്കൂൽ ഭാഗത്താണ് മണ്ണിടിഞ്ഞത്. കനത്ത മഴയിൽ കുതിർന്ന കുന്ന് ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഇടിയാൻ തുടങ്ങിയത്. ഉരുൾപൊട്ടലിന് സമാനമായി താഴേക്ക് ഇളകി മറിഞ്ഞെത്തിയ കല്ലും മണ്ണും ചെളിയും സമീപത്തെ ചാലിൽകോളനി റോഡിൽ വരെ എത്തി. ഇത് മൂലം റോഡ് തടസ്സപ്പെട്ടു. ജെ.സി.ബി. ഉപയോഗിച്ചാണ് രാവിലെ തടസ്സം മാറ്റിയത്. മഴ ഇനിയും ശക്തിപ്പെട്ടാൽ കുന്നിന്റെ മറ്റു ഭാഗങ്ങളും ഇടിയുമെന്ന ആശങ്കയുണ്ട്. പരിസരത്തുള്ള ഒട്ടേറെ വീടുകൾ അപകട ഭീഷണിയിലാണ്. വിവരമറിഞ്ഞ് സബ്ബ് കളക്ടർ അനുകുമാരി, നഗരസഭ ചെയർപേഴ്സൺ ജുമുനാ റാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, കൗൺസിലർമാരായ സി. സോമൻ, കെ. ഭാർഗ്ഗവൻ, വില്ലേജ് ഓഫീസർ രാജേഷ്, തുടങ്ങിയവർ സ്ഥലത്തെത്തി.