gandi

തൊക്കിലങ്ങാടി : കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നിർമിച്ച ഗാന്ധി പ്രതിമ അനാച്ഛാദനവും കമ്പ്യൂട്ടർ, ഗണിത ലാബുകളുടെ ഉദ്ഘാടനവും 9ന് ഉച്ചയ്ക്ക് രണ്ടരക്ക് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒൻപത് അടിയോളം ഉയരമുള്ള മഹാത്മ ഗാന്ധി പ്രതിമയുടെ അനാഛാദനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. ഹയർ സെക്കൻഡറി ഗണിത ലാബിന്റെ ഉദ്ഘാടനം കെ.മുരളീധരൻ എംപിയും പ്രിൻസ് ആൻഡ് പ്രിൻസസ് കംപ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപെഴ്സൻ വി.സുജാതയും നിർവഹിക്കും. കെ.പി.മോഹനൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രതിമ നിർമിച്ച ഉണ്ണി കാനായിയെ ചടങ്ങിൽ വച്ച് അനുമോദിക്കും. മാനേജർ കെ.ബാലൻ, പ്രസിഡന്റ് രജിനേഷ് കക്കോത്ത്, പ്രധാനാദ്ധ്യാപകൻ പി.വിനോദ്, ഖജാൻജി എ.പി.അച്ചുതൻ , പിടിഎ പ്രസിഡന്റ് പി.പ്രകാശൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.