ഇരിട്ടി: കാലവർഷം ശക്തമായതോടെ ഉളിക്കൽ പഞ്ചായത്തിലെ മൂന്ന് പാലങ്ങൾ വെള്ളത്തിനടിയിലായി. വയത്തൂർ, വട്ട്യാംതോട്, മണിക്കടവ് ചപ്പാത്ത് പാലം എന്നിവയാണ് വെള്ളത്തിനടിയിലായത്. മഴ കനക്കുമ്പോഴേക്കും വെള്ളത്തിനടിയിലാകുന്നതും നിരവധി അപകടങ്ങൾ നടന്നതുമായ ഈ പാലങ്ങൾ പുനർ നിർമ്മിക്കണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല.
ശക്തമായി രണ്ടു മഴ പെയ്താൽ പോലും വെള്ളത്തിലാകുന്ന ഈ പാലങ്ങൾ മേഖലയിലെ ജനങ്ങൾക്ക് ദുരിതം സൃഷ്ടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ചിലപ്പോൾ ആഴ്ചകളോളം പാലം കവിഞ്ഞ് വെള്ളം ഒഴുകി കൊണ്ടേയിരിക്കും. വനമേഖലകളിൽ ശക്തമായ മഴ പെയ്താൽ അപ്രതീക്ഷിതമായ വെള്ളം ഉയർന്ന് ഗതാഗതം തടസ്സപ്പെടാറാണ് പതിവ്. ഒരേ പുഴ കടന്ന് പോകുന്ന മൂന്ന് പ്രദേശങ്ങളിലെ നിവാസികളാണ് കാലങ്ങളായി ഈ ദുരവസ്ഥയിൽ കഴിയുന്നത്. മൂന്ന് പാലങ്ങളിൽ രണ്ടെണ്ണവും നാട്ടുകാരുടെ സഹായത്തോടെ വർഷങ്ങൾക്ക് മുൻപ് പണി കഴിപ്പിച്ചവയാണ്. രണ്ട് വർഷം മുൻപ് ഈ പാലത്തിലൂടെ കടന്നുപോയ ജീപ്പ് ഒഴുക്കിൽപ്പെട്ട് 3 പേർ അപകടത്തിൽപ്പെടുകയും ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ഈ മൂന്ന് പാലങ്ങളും കാലപ്പഴക്കത്തിൽ അപകടാവസ്ഥയിലുമാണ്.