കാഞ്ഞങ്ങാട്: ലഭ്യത കുറഞ്ഞതോടെ മത്സ്യവിപണിയിൽ പൊള്ളുന്ന വില. സമീപകാലത്തൊന്നും ഇത്രയും വിലവർദ്ധന ഉണ്ടായിട്ടില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ വില കുത്തനേ കയറുകയായിരുന്നു. മത്സ്യലഭ്യത കുറഞ്ഞതും വിലക്കൂടുതലും സാധാരണ കച്ചവടക്കാരെയും ജനങ്ങളെയും ബാധിച്ചുതുടങ്ങി.

സാധാരണക്കാരുടെ ഇഷ്ടമത്സ്യമായ മത്തിയുടെ ലഭ്യത തീരേ കുറവാണ്. അതിനാൽ തന്നെ കാഞ്ഞങ്ങാട്ടെ വിപണിയിൽ മത്തി വില 250 രൂപയാണ് കിലോയ്ക്ക്. എന്നാൽ ചെമ്മീൻ, കൂന്തൽ, കറ്റ്ല തുടങ്ങിയ മത്സ്യങ്ങൾ ആവശ്യത്തിനുണ്ട്. മീനിന് പൊതുവെ കിലോയ്ക്ക് 100 മുതൽ 150 രൂപവരെ വിലവർദ്ധന ഉണ്ടായെന്ന് വ്യാപാരികൾ പറയുന്നു. ഒരേ മീനിന് പലവിലയാണ് ഈടാക്കുന്നതെന്ന പരാതിയുമുണ്ട്.

വീടുകളിൽ കൊണ്ടു നടന്ന് വില്പന നടത്തുന്നവർക്ക് ഒരു വില, മാർക്കറ്റുകളിൽ മറ്റൊരു വില, ഫിഷ് സ്റ്റാളുകളിൽ വേറൊരു വിലയുമാണ് ഈടാക്കുന്നത്. ട്രോളിംഗ് നിരോധന കാലത്ത് മീനിന് വില വർദ്ധിക്കുന്നത് പതിവാണ്.

എന്നാൽ, ഇത്തവണ ട്രോളിംഗ് ആരംഭിച്ച ദിവസങ്ങളിൽ തന്നെ കടലേറ്റം രൂക്ഷമായി. ചെറുവള്ളങ്ങൾക്ക് കടലിൽപ്പോകാൻ കഴിഞ്ഞില്ല. ഇത് മീനിന്റെ ലഭ്യത കുറച്ചു. അതോടെ വിലയും നിയന്ത്രാണാതീതമായി വർദ്ധിച്ചു. വളരെ കുറച്ചു മീനുകൾ മാത്രമാണ് ഇപ്പോൾ തീരത്തെത്തുന്നത്.

കച്ചവടക്കാരിൽ നിരാശ

ചന്തകളിൽ മീനിന്റെ വരവ് കുറഞ്ഞതോടെ കച്ചവടക്കാരും എത്താതായി. കടലേറ്റം രൂക്ഷമായതോടെ ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും ഇപ്പോൾ കടലിൽപ്പോകുന്നില്ല. അതോടെ തീരവും വറുതിയിലാണ്. പലരും കൂടിയ വിലയ്ക്കാണ് മീനെടുക്കുന്നത്. നഷ്ടമില്ലാത്തതരത്തിൽ വിൽക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ കൂടുതൽ വില ഈടാക്കാറില്ലെന്നും കച്ചവടക്കാർ പറയുന്നു.

നിയന്ത്രണം എവിടെയുമില്ല

കൊവിഡ് വരുത്തിവച്ച പ്രതിസന്ധിയെ തുടർന്ന് മത്സ്യക്കൃഷിയിലൂടെ വരുമാനമുണ്ടാക്കാം എന്ന പ്രതീക്ഷയിൽ ഈ മേഖലയിലേക്ക് തിരിഞ്ഞവരാണ് ഏറേയും. ഇവിടെയും ഏകീകൃതവില സംവിധാനമില്ലാത്തത് കൊള്ളയടിക്ക് തുല്യമാകുന്നതായി ആക്ഷേപമുണ്ട്.