op
ജില്ലാ ആശുപത്രിയിലെ ന്യൂറോളജി ഒ.പിയിൽ ഡോ. മീനാ കുമാരി ഡ്യൂട്ടി തുടങ്ങിയപ്പോൾ

കാഞ്ഞങ്ങാട്: സർക്കാർ വാഗ്ദാനം നടപ്പിലായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ രണ്ട് ന്യൂറോളജിസ്റ്റുകളെ നിയമിച്ചു. ഇതിൽ ഒരാളുടെ സേവനം ഇന്നലെ മുതൽ ജില്ലാ ആശുപത്രിയിൽ ലഭിച്ചു തുടങ്ങി. ഈ മാസം 15 മുതൽ മറ്റൊരു ഡോക്ടറുടെ സേവനം കൂടി ജില്ലാ ആശുപത്രിയിൽ ലഭിക്കും. ഡോ. മീനാകുമാരി, ഡോ. ജിതേഷ് എന്നിവരാണ് ജില്ലാ ആശുപത്രിയിലേക്ക് നിയമിക്കപ്പെട്ട ന്യൂറോളജിസ്റ്റുകൾ. ഇതിൽ ഡോ. മീനാ കുമാരിയുടെ സേവനമാണ് ലഭിച്ചു തുടങ്ങിയത്.

പുതിയ ഒ.പി കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ന്യൂറോളജി ഒ.പി തുടങ്ങിയത്. തിങ്കൾ മുതൽ വ്യാഴം വരെ ഒ.പിയിൽ ഡോക്ടറുടെ സേവനം ലഭിക്കും. ന്യൂറോളജിസ്റ്റിന് പുറമേ ജില്ലാ ആശുപത്രിയിൽ ഇ.ഇ.ജി മെഷീൻ സേവനം കൂടി ലഭ്യമാകും. ഇതോടെ കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ന്യൂറോ വിഭാഗത്തിൽ ലഭിക്കും. ഇ.ഇ.ജിയുടെ ഡെമോ മെഷീൻ ആശുപത്രിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഒറിജിനൽ മെഷീൻ അടുത്ത ആഴ്ചയോടെ ആശുപത്രിയിൽ സ്ഥാപിക്കും.

കൂടാതെ ഇ.ഇ.ജി ടെക്നീഷ്യനെയും ഉടൻ നിയമിക്കും. തലച്ചോറിന്റെ പ്രവർത്തനങ്ങൾ അറിയാൻ വേണ്ടിയാണ് ഇ.ഇ.ജി മെഷീൻ ഉപയോഗിക്കുന്നത്. നാഢീസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ ഇതുവഴി സാധിക്കും. അപസ്മാര രോഗികൾക്ക് അവർക്ക് വേണ്ട ചികിത്സ നൽകാനും ഇതിന്റെ സേവനം ഉപകരിക്കും.

ജില്ലയിലേക്ക് രണ്ട് ന്യൂറോ കൺസൾട്ടന്റിനെ നിയമിക്കാൻ മന്ത്രിസഭ അനുമതി നൽകിയിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ന്യൂറോ കൺസൾട്ടന്റുമാരെ നിയമിക്കാനാണ് നേരത്തെ സർക്കാർ അനുമതി നൽകിയത്. കാസർകോട് മെഡിക്കൽ കോളേജിലേക്ക് നേരത്തെ തന്നെ ന്യൂറോളജിസ്റ്റിനെ നിയമിച്ചിരുന്നു. എൻഡോസൾഫാൻ ദുരിതബാധിതർ ഏറെയുള്ള ജില്ലയിൽ ന്യൂറോളജിസ്റ്റിന്റെ സേവനം ഏറെ ഗുണം ചെയ്യും.