bomb
മട്ടന്നൂരിൽ ആസം സ്വദേശികളുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിൽ തകർന്ന വീട്

മട്ടന്നൂർ: പത്തൊൻപതാംമൈൽ കാശിമുക്കിൽ സ്‌ഫോടനത്തിൽ രണ്ട് ആസാമീസ് തൊഴിലാളികളായ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തിൽ സ്റ്റീൽ ബോംബിന്റെ ഉറവിടം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതം. ആക്രി സാധനങ്ങൾ പെറുക്കിവിറ്റ് ഉപജീവനം നടത്തിയിരുന്ന അസം സ്വദേശികളായ ഫസൽ ഹഖിനും(52), മകൻ ഷഹിദുളിനും (25) ഇവ എവിടെ നിന്ന് ലഭിച്ചുവെന്നതാണ് അന്വേഷിക്കുന്നത്.

സ്ഥലത്ത് പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു. ആക്രി സാധനം ശേഖരിക്കുന്നതിനിടെ ലഭിച്ച സ്റ്റീൽ പാത്രം അച്ഛനും മകനും ചേർന്ന് വീടിന്റെ മുകളിലത്തെ നിലയിൽവച്ച് തുറക്കാൻ ശ്രമിച്ചപ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നാണ് കരുതുന്നത്. ഫസൽഹഖ് സ്‌ഫോടനം നടന്ന മുറിയിലും മകൻ ഷഹിദുൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.

ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഇന്നലെ സ്‌ഫോടനം നടന്ന വീട്ടിലും പരിസരത്തും വിശദമായ പരിശോധന നടത്തി. പ്ലാസ്റ്റിക് കുപ്പികളും ആക്രി സാധനങ്ങളും വീട്ടുപരിസരത്ത് കൂട്ടിയിട്ടിട്ടുണ്ട്.രണ്ടാം നിലയിലുണ്ടായ സ്‌ഫോടനത്തിൽ വീടിന്റെ മേൽക്കൂര തകർന്നിരുന്നു. ഉഗ്രസ്‌ഫോടനമാണ് ഉണ്ടായതെന്ന് പരിസരവാസികളും പറഞ്ഞു. മട്ടന്നൂർ പോലീസ് ഇൻക്വിസ്റ്റ് നടത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പൂർത്തിയാക്കി. ബന്ധുക്കളിൽ ചിലർ ഇവിടെ തന്നെ ജോലി ചെയ്യുകയാണ്. ഇരുവരുടേയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും.