തൃക്കരിപ്പൂർ: നിർത്താതെ പെയ്യുന്ന മഴയിൽ കഞ്ചിയിൽ തോട് കരകവിഞ്ഞു. ഉദിനൂർ കാപ്പ് കുളത്തിൽ ആരംഭിച്ച് തൃക്കരിപ്പൂരിൽ നിന്നും തൊട്ടു കിഴക്കുഭാഗത്തുകൂടി ഒഴുകി തങ്കയം ചക്രപാണി ക്ഷേത്ര പരിസരത്തെ താമരക്കുളത്തിന്റെ പരിസരത്തു കൂടി കക്കുന്നം പുഴയിൽ ലയിക്കുന്നതാണ് ഈ ചെറുതോട്. മഴക്കാലത്ത് മാത്രം സജീവമാകാറുള്ള ഈ തോട് സ്വകാര്യ വ്യക്തികൾ കൈയേറി ചുരുങ്ങി വരുന്നതായി ആക്ഷേപമുണ്ട്.
കാടു കയറി പൂഴി നിറഞ്ഞ തോട് ശുചീകരിക്കാത്തതാണ് കരകവിയാൻ കാരണം. തോട് നിറയുന്ന മഴ വെള്ളവും അതോടൊപ്പം ഒഴുകിയെത്തുന്ന അഴുക്കും കഞ്ചിയിലെയും പരിസരങ്ങളിലെയും പല വീടുകളിലും ഒഴുകിയെത്തിത്തുടങ്ങിയത് പ്രദേശവാസികളിൽ ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന ആശങ്കയിലാണ്. സാധാരണയായി വർഷംതോറും തോട് ശുചീകരണവും നവീകരണവും നടക്കാറുണ്ടെങ്കിലും കഴിഞ്ഞ വർഷം അതുണ്ടായിട്ടില്ലെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്.