പഴയങ്ങാടി: ഏഴോം പഞ്ചായത്തിലെ കോട്ടക്കീൽ കടവ് കൈപ്പാട് കൃഷി വെള്ളത്തിലായി. കനത്ത മഴയെ തുടർന്ന് പുഴയിലെ വെള്ളം കൈപ്പാടിലേക്ക് കയറിയതാണ് കൃഷിയിടത്തെ ദുരിതത്തിലാക്കിയത്. 68 ഏക്കർ സ്ഥലത്താണ് ഏഴോം പഞ്ചായത്തിൽ കൈപ്പാട് കൃഷിയുള്ളത്. മിക്കയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
രണ്ട് ദിവസത്തിനുള്ളിൽ വെള്ളം വാർന്ന് പോയില്ലെങ്കിൽ കൃഷിനാശത്തിന് കാരണമാകുമെന്ന് കൃഷിക്കാർ പറഞ്ഞു. കോട്ടക്കലിൽ അഞ്ചു ഏക്കർ സ്ഥലത്ത് പഞ്ചായത്ത് ഭരണസമിതി, ഉദ്യോഗസ്ഥർ, പാടശേഖരസമിതികൾ, കാർഷിക വികസന സമിതി, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ എന്നിവർ ചേർന്നാണ് സംയുക്തമായി കൈപ്പാട് കൃഷി ചെയ്യുന്നത്. പഞ്ചായത്തിലെ പതിനാല് വാർഡുകളിലും തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് കൈപ്പാട് നെൽകൃഷി നടത്തിയത്. മഴ ഇതേ തരത്തിൽ തുടർന്നാൽ കൈപ്പാട്കൃഷി പൂർണ്ണമായും നശിച്ച് പോകുമെന്ന ആശങ്കയിലാണ് കർഷകർ.