പഴയങ്ങാടി: കനത്ത മഴയിലും കാറ്റിലും പഴയങ്ങാടിയിലും സമീപ പ്രദേശനങ്ങളിലും ഉണ്ടായ ദുരിതം യാത്രക്കാരെയും സാധാരണ ജനങ്ങളെയും ബാധിച്ചു. മാടായി പഞ്ചായത്തിൽ ഒന്നാം വാർഡിലെ മുട്ടം പൊള്ളയിൽ റോഡിൽ കനത്ത മഴ കാരണം മീറ്ററുകളോളം വെള്ളക്കെട്ട് രൂപപ്പെട്ട് തോടായി മാറി. റോഡിന് ഇരുവശവുമുള്ള പത്തോളം വീടുകളിൽ വെള്ളം കയറി. ഇത് വഴിയുള്ള യാത്രയും ദുഷ്കരമാണ്.
വാഹനങ്ങ* ഏറെ പ്രയാസപ്പെട്ടാണ് കടന്ന് പോകുന്നത്. പഞ്ചായത്തിനെയും വാർഡ് അംഗത്തെയും വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല എന്ന പരാതിയാണ് ഇവിടെ ഉള്ളവർക്ക്. സമീപത്തെ മറ്റൊരു റോഡ് ഉയർത്തിയത് കാരണം അവിടെ നിന്നുള്ള വെള്ളമടക്കം ഇവിടേക്ക് ഒഴുകി എത്തിയാണ് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുന്നത്. റോഡ് ഉയർത്തി ഓവ്ചാൽ നിർമ്മിച്ചാൽ മാത്രമേ മഴക്കാലത്ത് ഇവിടെയുള്ള വെള്ളക്കെട്ട് ഒഴിവാക്കുവാൻ സാധിക്കുകയുള്ളു. താൽക്കാലിക പരിഹാരം കാണേണ്ട പഞ്ചായത്ത് മുഖം തിരിഞ്ഞിരിക്കുന്നത് പ്രദേശവാസികളെ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്.