kanayi
ഭാര്യയ്‌ക്കൊപ്പം കാനായി തന്റെ ശില്പം കാണാൻ പയ്യാമ്പലത്തെത്തിയപ്പോൾ

കലാകാരന്മാരെയും അവരുടെ രചനകളെയും ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരുടെ നാടാണ് നമ്മുടേത്. എന്നാൽ, ശിൽപ്പങ്ങളും ചിത്രങ്ങളും പകർന്നു നൽകുന്ന വെളിച്ചം സമൂഹത്തിന്റെ ഇരുട്ടകറ്റാൻ ഉപകരിക്കുമെന്ന കാര്യം പലപ്പോഴും അധികൃതർ മറന്നു പോകുന്നു. കലാകാരന്മാരെ ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ വേർതിരിച്ചു കാണാനുള്ള മത്സരങ്ങളും ഇവിടെയുണ്ടായി.

കാനായി കുഞ്ഞിരാമൻ എന്ന മഹാശിൽപ്പിയെ അറിയാത്തവർ നമ്മുടെ നാട്ടിലുണ്ടാകുമോയെന്നു സംശയമാണ്. ലോകം ആദരിക്കുന്ന ശിൽപ്പിയോട് കണ്ണൂർ ജില്ലാ ഭരണകൂടവും ടൂറിസം അധികൃതരും കാണിക്കുന്ന അവഗണന ശിൽപ്പിയുടെ ഉള്ളുലച്ചിട്ടുണ്ടെന്ന് ഉറപ്പാണ്.

മുൻമുഖ്യമന്ത്രി പരേതനായ ഇ.കെ. നായനാരുടെ നിർദ്ദേശ പ്രകാരം പയ്യാമ്പലത്ത് കാനായി കുഞ്ഞിരാമൻ നിർമ്മിച്ച അമ്മയും കുഞ്ഞും ശിൽപ്പത്തിനോടാണ് അധികൃതർ കടുത്ത അവഗണന കാണിച്ചത്. നായനാരുടെ സ്മൃതിമണ്ഡപത്തിൽ നിന്നും ഒരു വിളിപ്പാടകലെയാണ് ഈ ശിൽപ്പങ്ങൾ എന്നതും ശ്രദ്ധേയമാണ്.

മുറിവേറ്റ തന്റെ ശിൽപ്പങ്ങൾ കാണാൻ കഴിഞ്ഞ ദിവസം കാനായിയും ഭാര്യ നളിനിയും കണ്ണൂരിലെത്തിയ കാഴ്ച ആരെയും വേദനിപ്പിക്കുന്നതായിരുന്നു. പയ്യാമ്പലത്തെ തന്റെ ശില്പത്തിന്റെ ദുരവസ്ഥ കണ്ട കാനായി കരഞ്ഞു . ശിൽപ്പത്തിനേറ്റ മുറിവ് ശില്പിയുടെ ഹൃദയത്തെയും മുറിച്ചു.

ഒരമ്മയ്ക്ക് സ്വന്തം കുഞ്ഞ് എങ്ങനെയാണ്, അതുപോലെയാണ് തനിക്ക് തന്റെ കലാസൃഷ്ടികൾ... 22 വർഷം മുമ്പ് പയ്യാമ്പലത്തെ ഈ ശില്പങ്ങൾ നിർമ്മിച്ചത്, അതിന്റെ എല്ലാ പവിത്രതയോടും കൂടിയാണ്.. എന്നാൽ, അവയെ ഈ അവസ്ഥയിൽ കാണാൻ കഴിഞ്ഞതിൽ പ്രയാസമുണ്ടെന്ന് പയ്യാമ്പലത്തെ സ്വന്തം ശില്പങ്ങൾക്ക് അരികിൽ നിന്നുകൊണ്ട് കാനായി പറഞ്ഞു.

ചിത്രകാരന്മാരും ശില്പികളും കലാസാംസ്‌കാരിക രംഗത്തെ പ്രവർത്തകരും കാനായിയോടൊപ്പമുണ്ടായിരുന്നു . അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ഇവരൊക്കെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പയ്യാമ്പലം പാർക്ക് സ്ഥാപിച്ച് ഓപ്പൺ ഓഡിറ്റോറിയം അടക്കം ഡിസൈൻ ചെയ്ത കാനായിയോടാണ് ഈ ക്രൂരത .

റിലാക്‌സിംഗ് എന്ന് പേരിട്ട അദ്ദേഹത്തിന്റെ ശില്പത്തിന് തൊട്ടരികിൽ റോപ് വേയുടെ പേരിൽ ഡി.ടി.പി.സി അധികൃതർ കൂറ്റൻ ടവർ സ്ഥാപിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. ടവർ സ്ഥാപിച്ചത് ശിൽപ്പത്തെ പൂർണമായും മറച്ചുകൊണ്ടായിരുന്നു. ശില്പത്തിന് മുകളിൽ മെറ്റൽ ഇറക്കിയതും വിവാദമായിരുന്നു. തുടർന്ന് കലാ സാംസ്‌കാരിക ലോകം രംഗത്തെത്തി ശില്പത്തിന് ചുറ്റും സംരക്ഷണ വലയം തീർത്ത് പ്രതിഷേധിച്ചിരുന്നു. ഇതിനിടെ ഡി.ടി.പി.സി അധികൃതർ അടക്കമുള്ളവർ കാനായി കുഞ്ഞിരാമന്റെ വീട്ടിലെത്തി ചർച്ചയും തുടങ്ങി.

ശില്പങ്ങൾ സ്ഥലത്തുനിന്ന് മാറ്റാൻ പാടില്ലെന്നും സംരക്ഷിക്കണമെന്നുമാണ് കാനായിയുടെ നിലപാട്. തിരുവനന്തപുരത്ത് താമസിക്കുന്ന കാനായി കുഞ്ഞിരാമൻ ഒരാഴ്ചയിലേറെയായി കാഞ്ഞങ്ങാട്ടെ തറവാട്ടിലാണുള്ളത്.

പ്രമേയം മാറ്റിയതും

വിവാദമായി

വിവാദങ്ങളുടെ പെരുമഴയ്ക്കിടെ കഴിഞ്ഞ ദിവസം നടന്ന കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണപക്ഷം അവതരിപ്പിക്കുമെന്നു പറഞ്ഞ പ്രമേയം അവസാന നിമിഷം മാറ്റിയതും ചർച്ചയായി . ലോക പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമന്റെ പയ്യാമ്പലത്തെ ശിൽപങ്ങൾ സംരക്ഷിക്കണമെന്ന പ്രമേയമാണ് ഒടുവിൽ മാറ്റിയത്. കാനായി ശില്പങ്ങളോടുള്ള അവഗണന കോർപറേഷൻ കണ്ടില്ലെന്നു നടിക്കുകയാണെന്നുള്ള ആക്ഷേപം നിലനിൽക്കേയാണ് പ്രമേയാവതരണ നീക്കം ഉപേക്ഷിച്ചത്.

ഡി.ടി.പി.സി ചെയർമാൻ കൂടിയായ കളക്ടറെ സന്ദർശിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കാനായി ആവശ്യപ്പെട്ടു. പാരമ്പര്യ ശിൽപ ചിത്രമേഖലയെ ആവോളം പ്രോത്സാഹിപ്പിച്ച കാനായി കുഞ്ഞിരാമൻ ആധുനിക ഡിജിറ്റൽ ചിത്രരീതിക്കും മതിയായ പ്രാധാന്യം നൽകിയ ശിൽപ്പിയാണ്. പ്രകൃതിയുടെ കിടപ്പിനനുസരിച്ചും ശിൽപത്തിന്റെ വിഷയത്തിലും രൂപകൽപനയിലും മാറ്റം വരുത്താൻ അദ്ദേഹത്തിന് അതീവ വൈദഗ്ദ്ധ്യമുണ്ട്. അത്തരത്തിലുള്ള ശില്പങ്ങൾ തന്നെയാണ് അദ്ദേഹം പയ്യാമ്പലം പാർക്കിലും വർഷങ്ങൾക്ക് മുൻപ് രൂപകൽപ്പന ചെയ്തത്.

ചെരിഞ്ഞുകിടന്ന് കുഞ്ഞിനെ മുലയൂട്ടുന്ന അമ്മയുടെ ഈ വലിയ മൺശില്പം ഏറെ വ്യത്യസ്തവും ആകർഷകവുമായിരുന്നു. ശില്പത്തെ പൊതിഞ്ഞ് പുൽത്തകിടിയോടുകൂടി വേറിട്ടരീതിയിലുള്ള ശില്പമായിരുന്നു ഇത്. 'വിശ്രമിക്കുന്ന കമിതാക്കൾ', 'അമ്മ' എന്നീ ശില്പങ്ങളും കാനായി പയ്യാമ്പലത്ത് നിർമിച്ചിട്ടുണ്ട്. ഇവയും നാശത്തിന്റെ വക്കിലാണ്. 'കമിതാക്കൾ ശില്പങ്ങളിൽ' ഒന്നിന് കൈ ഇല്ലാത്ത നിലയിലാണ്. ഇവയുടെയെല്ലാം കാഴ്ചമറയ്ക്കുന്ന നിർമിതികളും പാർക്കിൽ ഉയർന്നിട്ടുണ്ട്.

പാർക്കും ശില്പങ്ങളും നടന്നുകണ്ട കാനായി ഇത് കലയോട് ചെയ്യുന്ന പൊറുക്കാനാകാത്ത അനീതിയാണെന്നും ഇത് ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും പറഞ്ഞു. എന്റെ നാടിനും നാട്ടുകാർക്കുമായാണ് ഇവയുണ്ടാക്കിയത്. കലാകാരന്മാരെ അവഗണിക്കുന്ന അവസ്ഥയാണ് നമ്മുടെ നാട്ടിൽ. ഇത് മാറണം. പാർക്കിൽ ശില്പങ്ങൾ കാണാൽ പറ്റാത്ത വിധം നിർമിച്ച നിരീക്ഷണ ടവറും മറ്റും പൊളിച്ചുമാറ്റണം. അധികൃതർ ആവശ്യപ്പെട്ടാൽ ശില്പങ്ങൾ നന്നാക്കുമെന്നും കാനായി പറഞ്ഞു.

വിവാദത്തിൽ നിന്നു

തലയൂരാനും നീക്കം

കാനായിയുടെ ശില്പം -റിലാക്‌സേഷൻ, നവീകരണത്തിന്റെ ഭാഗമായി കേടുവരുത്തിയ സംഭവത്തിൽ കലാകാരന്മാരുടെ പ്രതിഷേധം ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. റോപ്‌വേ നിർമ്മിക്കുന്ന സ്ഥലത്തുനിന്നും കാനായി ശില്പം ഉചിതമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാനാണ് ഡി.ടി.പി.സി അണിയറനീക്കം നടത്തുന്നത്. എന്നാൽ ഇതുസംബന്ധിച്ചുള്ള അഭിപ്രായ സമന്വയത്തിന് ശേഷം മാത്രമായിരിക്കും നടപടി.
കഴിഞ്ഞദിവസം ലളിതകലാ അക്കാഡമി ഭാരവാഹികൾ സംഭവസ്ഥലം സന്ദർശിച്ചതിനു ശേഷം ഡി.ടി.പി.സിക്കെതിരെ സാംസ്‌കാരിക വകുപ്പിന് പരാതി നൽകിയിരുന്നു. എന്നാൽ പയ്യാമ്പലം ചിൽഡ്രൻസ് പാർക്ക് ടൂറിസം വകുപ്പിന്റെ കീഴിലുള്ളതാണ്. സാംസ്‌കാരിക വകുപ്പുമായി യോജിച്ചാണ് ഇവിടെ കാനായിയുടെ ശില്പങ്ങളായ അമ്മയും കുഞ്ഞും റിലാക്‌സേഷനും സ്ഥാപിച്ചത്.
കൊവിഡ് കാലത്തിനുശേഷം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്ത പയ്യാമ്പലം പാർക്കിൽ നവീകരണത്തിന്റെ ഭാഗമായാണ് ഡി.ടി.പി.സി റോപ്‌വേ നിർമിക്കുന്നത്. എന്നാലിത് ലോകപ്രശസ്ത ശില്പിയായ കാനായിയുടെ വിശ്രുത ശില്പത്തെ അവഗണിച്ചുകൊണ്ടായതാണ് വിവാദമായത്. ശില്പത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി ലളിതകലാ അക്കാഡമി ചെയർമാൻ മുരളീ ചീയോത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

......................

വികസനമെന്ന പേര് പറഞ്ഞ് ലോകപ്രശസ്തനായ കാനായിയുടെ ശില്പം അവിടെ നിന്നും മാറ്റുന്നത് അംഗീകരിക്കാൻ കഴിയില്ല. തികച്ചും അനുയോജ്യമല്ലാത്ത സ്ഥലത്താണ് റോപ് വേ ടവർ നിർമ്മിക്കുന്നത്. ശില്പമല്ല ടവറാണ് മാറ്റേണ്ടത്.
എബി എൻ. ജോസഫ് (ചിത്രകാരൻ)