ksrtc
തകർന്നുകിടക്കുന്ന കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ

കണ്ണൂർ: കാലിത്തൊഴുത്ത് പോലെയാണ് നിലവിൽ കണ്ണൂർ കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ . കാലികൾ കേറിനിരങ്ങുന്നത് കൊണ്ടു മാത്രമല്ല കുടുസായ സ്ഥലത്ത് ജീവനക്കാരും യാത്രക്കാരും എല്ലാം നട്ടം തിരിച്ചിലിലാണ്. ഏതു സമയം നിലം പൊത്താവുന്ന ഡിപ്പോ ഓഫീസിൽ ഇൻസ്പെക്ടർമാരും ജോലി ചെയ്യുന്നത് ജീവൻ പണയം വച്ചാണ്.

പുതിയ ഓഫീസിന് മത്സരിച്ച് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നത് മാത്രമാണ് നിലവിൽ നടക്കുന്നത്. പഴയ ഓഫീസ് ഇപ്പോൾ പൊളിക്കും. പുത്തൻ ഓഫീസ് വരും എന്നൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഒന്നും നടന്നില്ല.എന്നിട്ടും നവീകരണകാര്യത്തിൽ തീരുമാനമായില്ല. കണ്ണൂർ സ്വദേശി കൂടിയായ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ചുമതല ഏറ്റെടുത്തപ്പോൾ കണ്ണൂർ ഡിപ്പോ നവീകരണത്തിന് പ്രഥമപരിഗണന നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ പ്രഖ്യാപനവും കട്ടപ്പുറത്തായി. മന്ത്രി ആന്റണി രാജുവിലാണ് ജീവനക്കാരുടെ പ്രതീക്ഷ.

പശുക്കൾക്കും നായകൾക്കും

രാത്രിയായാൽ പശുക്കൾക്ക് പുറമെ തെരുവുനായകളുടെ ശല്യവും രൂക്ഷമാണ്. ഷോപ്പിംഗ് കോംപ്ളക്സിലെ കട മുറികൾ പകുതിയും അടഞ്ഞുകിടക്കുകയാണ്. കലക്ഷനിൽ റെക്കാർഡ് റെക്കാർഡ് കലക്ഷൻ ലഭിക്കുമ്പോഴും കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രഖ്യാപനങ്ങൾക്ക് നടുവിൽ മാത്രമായി ഒതുങ്ങുന്നു.

അടിസ്ഥാനസൗകര്യങ്ങളും വിശ്രമമുറിയും ജീവനക്കാർക്കെന്ന പോലെ യാത്രക്കാർക്കുമില്ല. ഒരു കാന്റീൻ പോലും കണ്ണൂർ ഡിപ്പോയിലില്ല.

എം.ഡിയുടെ ഉറപ്പും കട്ടപ്പുറത്ത്

കെ.എസ്.ആർ.ടി.സി എം.ഡിയും ജനറൽ മാനേജറും കണ്ണൂർ ഡിപ്പോ സന്ദർശിച്ചപ്പോൾ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ അത്യാവശ്യ സംവിധാനങ്ങൾ ഉടനുണ്ടാവുമെന്ന് ഉറപ്പ് നൽകിയതാണ്. ഇനിയും ലേലം കൊള്ളാതെ അടഞ്ഞു കിടക്കുന്ന കടമുറികൾ അടിസ്ഥാന സൗകര്യ വിപുലീകരണത്തിനായി ഉപയോഗപ്പെടുത്തും. പത്ത് മുറികളുള്ളതിൽ നാലെണ്ണം വിശ്രമമുറികളായും ബാക്കിയുള്ളവ കാന്റീനായും ഉപയോഗിക്കുമെന്നായിരുന്നു അന്ന് അറിയിച്ചത്.