isis

കണ്ണൂർ: ഏറെ കോളിളക്കം സൃഷ്ടിച്ച വളപട്ടണം ഐസിസ് കേസിൽ 12ന് എറണാകുളം പ്രത്യേക എൻ.ഐ. എ കോടതി വിധി പറയും. നേരത്തെ കുറ്റപത്രം നൽകിയ മൂന്നു പ്രതികളുടെ വിചാരണ ഇതിനോടകം പൂർത്തിയായി.2019 ലാണ് വിചാരണ തുടങ്ങിയത്.

ചക്കരക്കല്ല് മുണ്ടേരി മിഥിരാജ് (26), വളപട്ടണം , ചെക്കിക്കുളം കെ.വി. അബ്ദുൾറസാഖ്, തലശേരി ചിറക്കരയിലെ ബിരിയാണി ഹംസ എന്നിവരാണ് പ്രതികൾ.കണ്ണൂരിലെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ചിലേറെ പേർ ഐസിസിൽ ചേർന്നെന്ന വിവരത്തെ തുടർന്നാണ് ആദ്യം വളപട്ടണം പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. കേസിൽ മാപ്പുസാക്ഷിയാക്കിയ എം.വി.റഷീദിനെ ആദ്യം വിസ്തരിച്ചു.

153 സാക്ഷികളാണ് കേസിലുള്ളത്. ഫോണുകൾ, ഡിവൈസുകൾ, ഫെയ്സ് ബുക്ക്, ഇ മെയിൽ തുടങ്ങിയ ഡിജിറ്റൽ തെളിവുകളാണ് പ്രോസിക്യൂഷൻ പ്രധാനമായും ഹാജരാക്കിയത്. ഓരോ പ്രതിക്കും രണ്ട് മാപ്പുസാക്ഷികൾ വീതം. മനാഫ് റഹ്മാൻ, അഫ്സൽ എന്നിവരാണ് പ്രധാന മാപ്പുസാക്ഷികൾ.

ജാക്കറ്റും യു.എ.ഇ ദിർഹവും പ്രധാന തെളിവ്

ഇസ്താംബൂളിൽ നിന്നു വാങ്ങിയതെന്നു പറയുന്ന പറയുന്ന ജാക്കറ്റാണ് പ്രധാനതെളിവ്. യു.എ.ഇ ദിർഹത്തിന്റെ 1,5,10 നോട്ടുകൾ പ്രതികളുടെ താമസസ്ഥലത്തെ തലയണയ്ക്കടിയിൽ നിന്നും കണ്ടെടുത്തിരുന്നു. കണ്ണൂർ മുണ്ടേരിയിലെ പക്ഷി സങ്കേതത്തിൽ വച്ച് പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം. ഇതിനു പുറമെ ഒരു സൂപ്പർമാർക്കറ്റിനടുത്തു വച്ചും ഗൂഢാലോചന നടന്നു.

ഐസിസിൽ ചേരാനുള്ള യാത്രയ്ക്കിടെ ഇടത്താവളങ്ങളിൽ വച്ച് ഇവർക്ക് ആയുധപരിശീലനമടക്കം ലഭിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. മൂന്നു പേരെയും തുർക്കി പൊലീസ് പിടികൂടി ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു. കേരളത്തിലെത്തിയ ഇവർ പല ഘട്ടങ്ങളിലായി സംഘടനയിലെ പലരുമായി ബന്ധപ്പെട്ടെന്നും ഇസ്ളാമിക സ്റ്റേറ്റ് ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നും എൻ.ഐ.എ പറയുന്നു.

ഐസിസിന്റെ വെബ് സൈറ്റുകളിൽ ഇവർ സ്ഥിരം സന്ദർശകരായി. യു.എ.പി.എ 38,39 വകുപ്പുകൾ പ്രകാരമാണ് വളപട്ടണം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുത്തു. പിടിയിലായവരെല്ലാം തന്നെ ഐസിസിൽ നേരിട്ടു പ്രവർത്തിച്ചവരാണെന്നാണ് എൻ.ഐ.എ വാദം. മറ്റൊരു പ്രതി ചെക്കിക്കുളം സ്വദേശി അബ്ദുൾഖാദർ ഒളിവിലാണ്. ഇയാൾ സിറിയയിലേക്ക് കടന്നതായാണ് എൻ.ഐ.എയുടെ നിഗമനം.