മാഹി: മയ്യഴി അഴിമുഖത്തെ ടാഗോർ ഉദ്യാനം സംരക്ഷണമില്ലാതെ നശിക്കുന്നു. മയ്യഴിയിലെത്തുന്ന സഞ്ചാരികളെ ഏറ്റവും ആകർഷിച്ചിരുന്ന ഉദ്യാനമാണിത്. വെടിപ്പും വൃത്തിയുമുണ്ടായിരുന്ന ഈ ഉദ്യാനം ഇപ്പോൾ കാട് പിടിച്ച് കിടക്കുകയാണ്. അലങ്കാര ദീപങ്ങൾ പലതും മിഴിയടച്ചു. ഇരിപ്പിടങ്ങൾ തുരുമ്പിച്ച് നടുവൊടിഞ്ഞു. ജലധാരയും ദീപവിതാനവുമെല്ലാം നിശ്ചലമായി. കുറ്റിക്കാടുകൾ ഇഴജീവികളുടെ വാസസ്ഥലവുമായി.
കാലത്തും വൈകീട്ടും പുഴയോര നടപ്പാതയിലൂടെ നൂറുകണക്കിനാളുകൾ സവാരി നടത്താറുണ്ട്. കുട്ടികളും വൃദ്ധരും സ്ത്രീകളുമടക്കം നിരവധി പേർ ഇവിടെ വന്നെത്തുന്നു. പാർക്കിനകത്ത് തെരുവ് പട്ടികൾ പെറ്റ് പെരുകുകയാണ്.
കടലും, പുഴയും ഇഴചേരുന്ന സുന്ദരമായ ഈ മണ്ണിലാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷിക നാളിൽ ഫ്രഞ്ചുകാർ അഭൗമ സൗന്ദര്യം വഴിയുന്ന 'മറിയന്ന് ' സ്തൂപം സ്ഥാപിച്ചത്. ആദ്യത്തെ ഫ്രഞ്ച് നാവികൻ മൊല്ലന്തേൻ പായ്ക്കപ്പലിറങ്ങിയതും, ഇവിടെ തന്നെ. ഫ്രഞ്ച് വിരുദ്ധ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച രണധീരരുടെ സ്മാരക സ്തൂപം ഇവിടെയാണുള്ളത്. മുകുന്ദന്റെ വിഖ്യാത നോവലായ മയ്യഴിപ്പുഴയുടെ തീരങ്ങളിലെ കഥാപാത്രങ്ങളത്രയും ചുമർശിൽപ്പങ്ങളായി ഇവിടെ ഗവ: ഹൗസിന്റെ കൂറ്റൻ ചുമരിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. പാഴ്‌ചെടികൾ വളർന്ന് അവയുടെ കാഴ്ച ഇല്ലാതാക്കുന്നു. കടൽക്കാഴ്ചകളും അസ്തമയ സൂര്യന്റെ വർണ്ണ ഭംഗിയും ഇവിടെ നിന്ന് ആസ്വദിക്കാനാവും.
മലബാറിൽ വളർന്ന് വികസിക്കുന്ന കേരളാ ടൂറിസം ഹബ്ബുമായി ബന്ധിപ്പിക്കുവാൻ തികച്ചും സാദ്ധ്യതയുള്ളതാണ് മയ്യഴിപ്പുഴയോരനടപ്പാത. പുഴയോര നടപ്പാതയുടെ നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. മൂന്ന് ഘട്ടങ്ങളിലായുള്ള നിർമ്മാണത്തിന്റെ മദ്ധ്യഭാഗ നിർമ്മാണം നിലച്ച മട്ടാണ്. നടപ്പാതയുടെ തുടക്ക സ്ഥലമായ മഞ്ചക്കലിലെ ജല കേളീ സമുച്ചയവും കാടുകയറി നാശോൻമുഖമായിട്ടുണ്ട്.
ടൂറിസത്തിൽ നൈസർഗ്ഗിക സ്വഭാവം നിലനിർത്തുന്ന തീരങ്ങൾക്കും, മനുഷ്യനിർമ്മിതികൾക്കും തുല്യപ്രാധാന്യമാണുള്ളത്. മയ്യഴിപ്പുഴയോര നടപ്പാത ഇന്ന് അതിനൊരപവാദമാണെന്ന് അവിടുത്തെ ദൃശ്യങ്ങൾ തന്നെ സാക്ഷിയാണ്. കോടികൾ ചെലവഴിച്ച് പണിത നടപ്പാത സംരക്ഷിക്കുവാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവണം.
വിജയൻ കൈനാടത്ത്,
മയ്യഴിപ്പുഴ സംരക്ഷണ സമിതി
പാർക്ക് ശുചീകരണ കരാർ തൊഴിലാളികളുടെ കാലാവധി കഴിഞ്ഞിട്ട് രണ്ട് മാസങ്ങൾ കഴിഞ്ഞു. കരാർ പുതുക്കി നൽകാൻ യഥാസമയം തയ്യാറാവാത്ത ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റ്, മീറ്റർ സ്‌ക്വയർ നിശ്ചയിച്ച്, തൊഴിലാളികളെ നിയമിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. അടിയന്തര നടപടികൾ സ്വീകരിക്കാൻ അധികൃതരോടാവശ്യപ്പെട്ടിട്ടുണ്ട്.
രമേശ് പറമ്പത്ത് എം.എൽ.എ, മാഹി