ചെറുവത്തൂർ : സമഗ്ര ശിക്ഷാ കാസർകോട് ആവിഷ്ക്കരിച്ച ജില്ലയിലെ അംഗീകൃത പ്രീ സ്കൂളുകളിലെ രക്ഷിതാക്കൾക്കുള്ള പരിശീലനം , അവർക്കുള്ള പുതിയ തിരിച്ചറിവിലേക്ക് വഴിത്തിരിവായി. .ഫലപ്രദവും ഗുണമേന്മയുള്ളതുമായ പ്രീ സ്കൂൾ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിന് രക്ഷാകർത്താക്കളുടെ ഇടപെടൽ ഉറപ്പാക്കുന്നതിന് മൂന്നു മണിക്കൂർ നീളുന്ന പരിശീലനം സംഘടിപ്പിച്ചു. ജില്ലയിലെ 61 പ്രീ സ്‌കൂളുകളിൽ ശിക്ഷണത്തിലെ ട്രെയിനർമാർ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാർ, സ്‌പെഷ്യലിസ്റ്റ് അധ്യാപകർ, പ്രീ സ്‌കൂൾ അധ്യാപികമാർ, ഡയറ്റ് ഫാക്കൽറ്റിമാർ എന്നിവർ നേതൃത്വം നൽകി. ശാസ്ത്രീയ പ്രീ സ്കൂൾ അനുഭവങ്ങൾ ഉറപ്പാക്കാനുള്ള പഠനം, കളി ഉപാധികൾ, തന്ത്രങ്ങൾ, പ്രവർത്തന ഇടങ്ങൾ എന്നിവയെക്കുറിച്ച് ധാരണയുണ്ടാക്കാനുള്ള പരിശീലനം ഏറെ സ്വീകാര്യതയാണ് രക്ഷാകർതൃ സമൂഹത്തിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമീപകാലത്ത് പ്രീ സ്കൂളുകളിലേക്ക് സർക്കാർ സമഗ്ര ശിക്ഷാ കേരള വഴി അനുവദിച്ച വായനാ മൂല, ശാസ്ത്ര മൂല, സംഗീത മൂല, അഭിനയ മൂല, ചിത്രകലാമൂല, ഗണിതമൂല, നിർമ്മാണ മൂല എന്നിവയും പരിശീലനത്തിനെത്തിയ രക്ഷിതാക്കളെ ആകർഷിക്കുന്നുണ്ട്. ചെറുവത്തൂർ ഉപജില്ലയിൽ പെട്ട കുട്ടമത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ രക്ഷാകർതൃ ശാക്തീകരണ പരിപാടിയിൽ നിരവധി രക്ഷിതാക്കൾ പങ്കെടുത്തു. ചെറുവത്തൂർ ബി.ആർ.സി യിലെ പ്രോഗ്രാം കോ ഓർഡിനേറ്റർ വി.എസ്.ബിജുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ കെ.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബി.ആർ.സി ട്രെയിനർ ജി. ജോയ്, പരിശീലകരായ ശ്രുതി കയനി, കെ.നിഷ, സെബിൻ വർഗീസ് എന്നിവർ സംസാരിച്ചു.ചെറുവത്തൂർ ബി.ആർ.സി ട്രയിനർ വേണുഗോപാലൻ സ്വാഗതവും പ്രീ പ്രൈമറി അധ്യാപിക എം. പുഷ്പ നന്ദിയും രേഖപ്പെടുത്തി.
,