കാസർകോട് : കളക്ടറേറ്റിനുള്ളിലെ കെട്ടിടങ്ങളിൽ സ്ഥലം നൽകാത്തതിനെ തുടർന്ന് ജില്ലയിലെ നൂറുകണക്കിന് അങ്കണവാടി വർക്കർമാരും സ്ത്രീകളും മറ്റും ആശ്രയിക്കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ കാസർകോട് ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നത് ദൂരെ മാറിയുള്ള ക്വാർട്ടേഴ്സ് മുറിയിൽ. വിദ്യാനഗർ ബി.സി. റോഡിലെ സിവിൽ സ്റ്റേഷനും ജില്ലാകോടതിയും കഴിഞ്ഞുവേണം ജില്ലാ ഓഫീസ് പ്രവർത്തിക്കുന്ന ഇവിടെ എത്തിച്ചേരാൻ.
നിരവധി കുടുംബങ്ങൾ താമസിക്കുന്ന ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ മുകളിലത്തെ രണ്ടുമുറിയാണ് ജില്ലാ ഓഫീസായി പ്രവർത്തിക്കുന്നത്. കളക്ടറേറ്റിൽ പുതുതായി ജില്ലാ ഓഫീസ് ആവശ്യക്കാർക്ക് ചുറ്റി നടന്നുവേണം കണ്ടുപിടിക്കാൻ. റോഡിൽ നിന്ന് ഏറെ മാറിയാണ് ഈ ഓഫീസ്.
പത്തു ജീവനക്കാരാണ് അസൗകര്യം കൊണ്ട് വീർപ്പുമുട്ടുന്ന ഈ ഓഫീസിലുള്ളത്. കഴിഞ്ഞ ദിവസം കാലാവധി തീർന്ന മഹിളാ ശക്തി കേന്ദ്ര പ്രോജക്ടിലെ മൂന്ന് ജീവനക്കാരും നേരത്തെ ഈ ഓഫീസിലായിരുന്നു ജോലി ചെയ്തിരുന്നത്. സ്ത്രീധന നിരോധന നിയമം സംബന്ധിച്ചുള്ള പരാതികൾ ഏറെയുള്ളതിനാൽ മിക്കപ്പോഴും ആളുകളുടെ തിരക്കാണ് ഓഫീസിൽ. സ്വന്തം കെട്ടിടത്തിനായി അപേക്ഷ നൽകി കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അതേസമയം അങ്കണവാടി വർക്കർമാർ ദൈനംദിനം ബന്ധപ്പെടേണ്ടുന്ന പ്രോഗ്രാം ഓഫീസ് ഇപ്പോഴും കളക്ട്രേറ്റിലെ ഓഫീസിലാണ് പ്രവർത്തിക്കുന്നതെന്നാണ് ജില്ലാഭരണകൂടം പറയുന്നത്.
വകുപ്പ് വിഭജനം പാരയായി
മൂന്ന് വർഷം മുമ്പ് സാമൂഹ്യ നീതി വകുപ്പിൽ നിന്ന് മാറ്റിയതോടെയാണ് വനിത ശിശു വികസന വകുപ്പ് ജില്ല ഓഫീസ് കളക്ടറേറ്റിന് പുറത്തായിപ്പോയത്. കളക്ടറേറ്റിൽ അന്നുണ്ടായിരുന്ന ഓഫീസ് സാമൂഹ്യ നീതിവകുപ്പ് ഏറ്റെടുത്തു. ജീവനക്കാരുടെ ബാഹുല്യം കാരണം വനിതകളുടെയും കുട്ടികളുടെയും ഓഫീസ് കളക്ടറേറ്റിന് വെളിയിലുള്ള കെട്ടിടത്തിലേക്ക് മാറാൻ നിർബന്ധിക്കപ്പെട്ടു. താൽക്കാലികാടിസ്ഥാനത്തിൽ എന്നാണ് അന്ന് പറഞ്ഞിരുന്നത്.