minister

കണ്ണൂർ: ജില്ലയിലെ മലയോര മേഖലയിൽ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മൂന്നിടങ്ങളിൽ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ യാർഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഇരിട്ടി, ഇരിക്കൂർ, ചെറുപുഴ എന്നിവിടങ്ങളിലാണ് ഓപ്പറേറ്റിംഗ് സെന്ററുകൾ ആരംഭിക്കുക. ഇവിടെ നിന്നും യാത്രക്കാർക്ക് ടിക്കറ്റ് റിസർവേഷനും പണമടക്കലും നടത്താനാകും. വടക്കൻ മേഖലകളിൽ കെഎസ്ആർടിസി സർവീസുകൾ കുറവാണെങ്കിലും ജില്ലയിലെ മലയോര മേഖലയിലെ ജനങ്ങൾ കൂടുതലും കെ.എസ്.ആർ.ടി.സിയെയാണ് ആശ്രയിക്കുന്നത്.

പ്രതിസന്ധികളേറെയുണ്ടെങ്കിലും കെ.എസ്.ആർ.ടി.സിയെ നിലനിർത്താൻ സർക്കാർ പ്രഥമ പരിഗണന നൽകുന്നുണ്ട്. ഇതിനായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഉൾഗ്രാമങ്ങളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്താനായി ആരംഭിക്കുന്ന 'ഗ്രാമവണ്ടി' പദ്ധതിയുടെ വിജയത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കെ.എസ്.ആർ.ടി.സിയുമായി കൈകോർക്കണം.

ഗ്രാമങ്ങളിൽ നടത്തുന്ന സർവ്വീസിന്റെ ഇന്ധന ചിലവ് മാത്രം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിച്ചാൽ ഇതുവരെ ബസ് സർവ്വീസ് ആരംഭിക്കാത്ത ഇടങ്ങളിൽ പോലും സർവ്വീസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സിക്കാകുമെന്നും മന്ത്രി പറഞ്ഞു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കോർപറേഷൻ വാർഡ് കൗൺസിലർ അഡ്വ.പി.കെ.അൻവർ, ടെക്‌നിക്കൽ വിഭാഗം ജനറൽ മാനേജർ പി.സന്തോഷ് കുമാർ, കണ്ണൂർ ഡി.ടി.ഒ പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.