ksrtc

കണ്ണൂർ: കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ നവീകരിച്ച യാർഡിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച് തൊഴിലാളികൾ. ഗതാഗത മന്ത്രി ആന്റണി രാജു പങ്കെടുത്ത പരിപാടിയാണ് പ്രതിപക്ഷ സംഘടനകൾക്കൊപ്പം സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള കെ. എസ്. ആർ.ടി.എംപ്ളോയീസ് അസോസിയേഷനും ബഹിഷ്‌കരിച്ചത്.

മന്ത്രിയെ ബഹിഷ്‌ക്കരിച്ച് കരിങ്കൊടി ഉയർത്തുമെന്ന് യൂണിയനുകൾ പ്രഖ്യാപിച്ചിരുന്നതിനാൽ സദസിലും വേദിക്ക് ചുറ്റിലും പൊലീസ് നിലയുറപ്പിച്ചിരുന്നു. എന്നാൽ, ചടങ്ങ് തൊഴിലാളികൾ ബഹിഷ്‌കരിച്ചത് തന്റെ ശ്രദ്ധയിൽ പെട്ടില്ലെന്ന് പരിപാടിക്ക് ശേഷം മന്ത്രി മാദ്ധ്യമങ്ങളോട് പറ‌ഞ്ഞു.

ഇന്നലെ രാവിലെ 11ന് ചടങ്ങ് തുടങ്ങും മുമ്പ് തന്നെ 25 വനിതാ പൊലീസുകാരടക്കം 75 ഓളം പൊലീസുകാർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തി. വൻ പൊലീസ് സന്നാഹവും ഏഴ് പൊലീസ് വാഹനങ്ങളും നിരന്നതോടെ യാത്രക്കാർ അമ്പരന്നു. മന്ത്രിക്കുള്ള സുരക്ഷയാണെന്ന് അറിഞ്ഞതോടെയാണ് സംശയങ്ങൾ നീങ്ങിയത്. ടൗൺ സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് പൊലീസ് സുരക്ഷയൊരുക്കിയത്.

മന്ത്രി മടങ്ങുവരെ പൊലീസ് നിലയുറപ്പിച്ചിരുന്നു. ബഹിഷ്‌ക്കരണം കാരണം സദസിൽ ആളുകൾ വിരളമായിരുന്നു. ബാക്കി കസേരകളിൽ മാദ്ധ്യമപ്രവർത്തകരും പൊലീസും ഇരുന്നു.