
കണ്ണൂർ:കേന്ദ്രത്തിന്റെ സാമ്പത്തിക നയം ദരിദ്രരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.സഹകരണ ജീവനക്കാർക്കുള്ള പഞ്ചദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടെയാണ് സഹകരണ മേഖലയുടെ ഇടപെടൽ താഴെ തട്ടിലുള്ളവർക്ക് സഹായകരമാവുന്നത്. ഈ ഘട്ടത്തിൽ സഹകരണ മേഖലയെ തകർക്കുന്നതടക്കമുള്ള നടപടികളുമായി കേന്ദ്രം മുന്നോട്ടു പോവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സഹകരണ സംഘം ഭാരവാഹികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റ്, കണ്ണൂരുമായി സഹകരിച്ച് നായനാർ അക്കാഡമിയിലാണ് പരിശീലനപരിപാടി സംഘടിപ്പിച്ചത്. പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രം ചെയർമാൻ എം.വി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.ഡയറക്ടർ പി.ഹരീന്ദ്രൻ സ്വാഗതം പറഞ്ഞു. വിവിധ വിഷയങ്ങളിൽ ഐ.സി.എം കണ്ണൂർ ഡയറക്ടർ എം.വി.ശശികുമാർ , ഫാക്കൽറ്റിമാരായ വി.എൻ.ബാബു, എസ്.പി.കൃഷ്ണരാജ് എന്നിവർ ക്ളാസെടുത്തു.