കുഞ്ഞിമംഗലം: ഇന്ന് ഇന്ത്യയിൽ നിർമ്മിച്ചിട്ടുള്ളതിൽവച്ച് ഒറ്റവാർപ്പിൽ വെങ്കലത്തിൽ തീർത്ത ഏറ്റവും വലിയ ദശാവതാരം വിളക്ക് നിർമ്മിച്ച് വെങ്കലഗ്രാമത്തിലെ പദ്മദാസ് കുഞ്ഞിമംഗലം. വിളക്കിന്റെ നടുവിലായി അനന്തശയനത്തിൽ കിടക്കുന്ന മഹാവിഷ്ണു, ഭൂദേവി, ശ്രീദേവി, ബ്രഹ്മാവ്, നാരദൻ, കിന്നരൻ എന്നിവരും മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി തുടങ്ങിയ അവതാരങ്ങൾ ചുറ്റുമായാണ് നിർമ്മാണ രീതി. മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡൻ വിളക്കിന്റെ മുകളിൽ മധ്യഭാഗത്തായുണ്ട്. വിളക്ക് തൂക്കുവൻ ദീപലക്ഷ്മിയോടുകൂടിയ ചങ്ങലയും നിർമ്മിച്ചിട്ടുണ്ട്.
വളരെ ശ്രമകരമായ രീതിയിൽ 6മാസം സമയമെടുത്താണ് വിളക്ക് നിർമ്മിച്ചത്. കുഞ്ഞിമംഗലത്തെ പ്രശസ്ത വെങ്കല വിഗ്രഹ നിർമ്മാണ ശില്പിയായ പരേതനായ പടിഞ്ഞാറ്റയിൽ കുഞ്ഞിരാമൻ അന്തിത്തിരിയന്റെ ചെറുമകനായ പദ്മദാസിന് അച്ഛൻ പദ്മനാഭന്റെ നിർദ്ദേശങ്ങളും സഹായവും വിളക്ക് നിർമ്മാണത്തിലുടനീളം ലഭിച്ചിട്ടുണ്ട്. മേഖലയിൽ മൂന്നുവർഷത്തെ പ്രവർത്തനം കൊണ്ട് നിരവധി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വിഗ്രഹം, ശീവേലി വിഗ്രഹം, പൂജാ പാത്രങ്ങൾ, ഓട്ടു വിളക്കുകൾ, ഗൃഹോപകരണങ്ങൾ എന്നിവ നിർമ്മിച്ചു കൊടുത്തിട്ടുണ്ട്.