തൃക്കരിപ്പൂ : തോരാതെ പെയ്യുന്ന മഴയെ തുടർന്ന് കുണിയൻ പുഴ കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ പുഴയും വയലും ഒന്നായി. കുണിയൻ പാലത്തിലേക്ക് പോകുന്ന റോഡിൽ മുട്ടോളം വെള്ളമുയർന്നു. ഈ വഴി ബൈക്ക്, ഓട്ടോ തുടങ്ങിയ ചെറിയ വാഹനങ്ങളുടെ ഗതാഗതം നിലച്ചു. റോഡും പുഴയും വയലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്.

വെള്ളക്കെട്ട് ഒഴിഞ്ഞു പോകാത്തത് പുഴയുടെ തീരങ്ങളിൽ നെൽകൃഷി നടത്തുന്ന കർഷകരെ കണ്ണീരിലാഴ്ത്തി. നിറഞ്ഞൊഴുകുന്ന പുഴ നെൽവയലുകളിലേക്ക് വ്യാപിച്ചതോടെ നൂറു കണക്കിന് ഏക്കർ കൃഷി വെള്ളത്തിനടിയിലായി. ഒരാഴ്ചയിലേറെയായി ഈ നില തുടരുന്നതിനാൽ നട്ട ഞാറുകൾ ചീഞ്ഞു പോയിട്ടുണ്ടാകുമോയെന്ന ആശങ്കയിലാണ് കർഷകർ. സാധാരണ മഴക്കാലങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെടാറുണ്ടെങ്കിലും ഒന്നോരണ്ടോ ദിവസങ്ങൾക്കു ശേഷം അവ ഒഴിഞ്ഞുപോകാറുള്ളത് കർഷകരെ ബുദ്ധിമുട്ടിച്ചിരുന്നില്ല.

കുണിയൻ പുഴയുമായി ബന്ധപ്പെട്ടു കിടക്കുന്ന എടാട്ടുമ്മൽ, കൊയോങ്കര, വൈക്കത്ത് തുടങ്ങിയ ഭാഗങ്ങളിലെ നെൽപാടങ്ങളിലാണ് മഴക്കെടുതി ഭീഷണി. മുണ്ടിക്കോട്ടും ചെറുകാനത്തും സ്ഥിതി വിഭിന്നമല്ല.