നീലേശ്വരം: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ കിഴക്കൻ കൊഴുവൽ പ്രദേശം വെള്ളത്തിൽ മുങ്ങി. കോവിലകം ചിറനിറഞ്ഞ് കവിഞ്ഞു. നഗരത്തിലെ വെള്ളംകിഴക്കൻ കൊഴുവലിലേക്ക് ഒഴുകി വന്നതോടെയാണ് കിഴക്കൻ കൊഴുവൽ പ്രദേശം വെള്ളത്തിനടിയിലായത്.
രാജാസ് ഹൈസ്കൂൾ ഗ്രൗണ്ട്, എ.എൽ.പി.സ്കൂൾ, രാജാ റോഡ്, തേർവയൽ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളം മുഴുവൻ കരിഞ്ചാതുവയൽ, ഓവ് പാലം കുണ്ട് വഴി നമ്പ്യാർക്കാൽ പുഴയിലേക്കാണ് ഒഴുകേണ്ടത്. എന്നാൽ ഇത്രയും പ്രദേശത്ത് കൂടി വരുന്ന വെള്ളം ഒഴുകിപോകാൻ വേണ്ടുന്ന ഓവ് ചാലില്ലാതായതോടെയാണ് കിഴക്കൻ കൊഴുവലിൽ വെള്ളം കെട്ടുണ്ടായത്.
ഒന്നുരണ്ട് മണിക്കൂർ തിമിർത്ത് മഴ പെയ്താൽ പിന്നെ ഈ പ്രദേശങ്ങളിൽ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. കൂടാതെ സമീപ പ്രദേശങ്ങളിലെ വയൽ നികത്തി വീട് പണിയുകയും മതിൽ കെട്ടുകയും ചെയ്തതോടെ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയാണുള്ളത്.
കിഴക്കൻ കൊഴുവലിലെ വെള്ളക്കെട്ട്.