police

തലശേരി: കടൽപ്പാലത്തിൽ കാറ്റു കൊള്ളാനെത്തിയ ദമ്പതികളെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ തലശേരി സി.ഐ, എസ്.ഐ മനു എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ ഉത്തരവിട്ടു. പൊലീസ് നടപടി ചോദ്യം ചെയ്തതിന് തന്നെയും ഭർത്താവിനെയും റോഡിൽ വലിച്ചിഴച്ച് ജീപ്പിൽ കയറ്റിയെന്നും കതിരൂർ എരുവട്ടി പെനാങ്കിമെട്ട വിശ്വംവീട്ടിൽ മേഘ വിശ്വനാഥ് ആർ. ഇളങ്കോയ്‌ക്ക് നൽകിയ പരാതിയിൽ പറഞ്ഞു. അതേസമയം പൊലീസിനെ ആക്രമിച്ചെന്ന കേസിൽ നഴ്സായ മേഘയുടെ ഭർത്താവ് ധർമടം പാലയാട് വിശ്വത്തിൽ സി.പി. പ്രത്യുഷിനെ റിമാൻഡ് ചെയ്‌തു. മേഘയ്ക്ക് ജാമ്യം നൽകി.

വ്യാഴാഴ്ച രാത്രി 12ന് തലശേരി കടൽപ്പാലത്തിലായിരുന്നു സംഭവം. എസ്‌.ഐ മനുവും സംഘവുമാണ് മേഘയെയും പ്രത്യുഷിനേയും അറസ്റ്റ് ചെയ്തത്. കരഞ്ഞു പറഞ്ഞിട്ടും ഭർത്താവിനെ വിട്ടില്ലെന്നും മേഘ പറഞ്ഞു. മറ്റൊരു ജീപ്പിൽ തന്നേയും വലിച്ചുകയറ്റി സ്റ്റേഷനിലെത്തിച്ചു. തുടർന്ന് രാത്രി മുഴുവൻ സ്റ്റേഷന് പുറത്ത് നിറുത്തി. സ്റ്റേഷനിൽ മദ്യപിച്ച് മഫ്തിയിലെത്തിയ ഓഫീസറുടെ നേതൃത്വത്തിൽ ബൂട്ടിട്ട് നടുവിന് ചവിട്ടിയെന്നും നിരവധി തവണ തലയ്ക്കടിച്ചെന്നും പരാതിയിലുണ്ട്.

മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ പൊലീസ് മർദ്ദിച്ചെന്ന് പറഞ്ഞെങ്കിലും എഴുതി നൽകാൻ നിർദ്ദേശിച്ചെന്നും മേഘ ആരോപിച്ചു. ഉദ്യോഗസ്ഥർക്കെതിരായ ആരോപണം തലശേരി എ.സി.പിയും സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയും പ്രത്യേകം അന്വേഷിക്കും. റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയെടുക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.

 മേഘയുടെ പരാതി ഇങ്ങനെ

താനും ഇലക്ട്രീഷ്യനായ ഭർത്താവും ഇരുചക്ര വാഹനത്തിൽ സംഭവ ദിവസം രാത്രി നഗരത്തിലെത്തി ഭക്ഷണം കഴിച്ചശേഷമാണ് കാറ്റു കൊള്ളാൻ കടൽപ്പാലത്തിലെത്തിയത്. ഈസമയം അവിടെയെത്തിയ പൊലീസ് സംഘം വാഹനത്തിന്റെ രേഖകൾ ചോദിച്ചപ്പോൾ കൈയിലില്ലെന്നും സ്റ്റേഷനിൽ ഹാജരാക്കാമെന്നും പറഞ്ഞു. എന്നാൽ പൊലീസ് ഇത് സ്വീകരിച്ചില്ല. പൊലീസിന്റെ അനാവശ്യ ഇടപടലുകളെ ചോദ്യം ചെയ്തപ്പോൾ അസഭ്യം പറഞ്ഞു. ഭർത്താവിനെ സ്റ്റേഷനിൽ കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയതായും മേഘ വ്യക്തമാക്കി.

'കടൽക്ഷോഭം കാരണമാണ് ദമ്പതികളോട് തിരികെ പോകാൻ ആവശ്യപ്പെട്ടത്. എന്നാൽ അവർ എന്നെ ആക്രമിച്ചു. ഷർട്ടിന്റെ കോളറിനു പിടിച്ച് തള്ളി".

- മനു, ​എസ്.ഐ തലശേരി പൊലീസ്