പയ്യന്നൂർ: സഹകരണ ആശുപത്രി സേവന മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന ഹോം കെയർ പദ്ധതിയുടെ ഉദ്ഘാടനം ടി.ഐ. മധുസൂദനൻ എം.എൽ.എ. നിർവ്വഹിച്ചു. മുൻ എം.എൽ.എ. ടി.വി. രാജേഷ് ലോഗോ പ്രകാശനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ.വി. സന്തോഷ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. അപ്പുക്കുട്ടൻ, നഗരസഭ കൗൺസിലർ എം.പി. ചിത്ര, അസി. രജിസ്ട്രാർ അജിത എടക്കാടൻ, ഐ.എം.എ. പ്രസിഡന്റ് ഡോ. എം. ഹരിദാസ്, ആശുപത്രി വൈസ് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ടി.വി. കുഞ്ഞിക്കണ്ണൻ, കെ.സി.ഇ.യു. ജോയിന്റ് സെക്രട്ടറി സി. രമേശൻ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റ് അഡ്വ. ടി.വി. അജയകുമാർ സ്വാഗതവും ഡയറക്ടർ എം. ആനന്ദൻ നന്ദിയും പറഞ്ഞു.

ആശുപത്രിയിൽ നേരിട്ടെത്തി ചികിത്സ തേടാൻ കഴിയാത്ത പൂർണ്ണ കിടപ്പുരോഗികളെ വീട്ടിലെത്തി ചികിത്സിക്കാൻ കഴിയുന്ന ഡോക്ടർ അടക്കം ഉള്ള മൊബൈൽ ഹോംകെയറാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. വീട്ടിലെത്തി ലാബ് പരിശോധനയും റിപ്പോർട്ടുകളും തയ്യാറാക്കി നൽകാനുള്ള ഓൺലൈൻ സംവിധാനങ്ങളോടെയുള്ള പാരാമെഡിക്കൽ സേവനം, പരിചരിക്കാൻ അടുത്ത ബന്ധുക്കളില്ലാത്തവർക്കു ഹോം നഴ്സ്, സഹായികളെ ഏർപ്പെടുത്തൽ തുടങ്ങിയ സൗകര്യങ്ങളും നൽകും. സ്ഥിരമായി മരുന്നുകൾ വാങ്ങി കഴിക്കേണ്ടി വരുന്നവർക്ക് കുറിപ്പടിയനുസരിച്ച് മരുന്നുകൾ വീട്ടിലെത്തിക്കുന്ന മെഡിസിൻ കൊറിയർ സേവനവും ആവശ്യക്കാർക്ക് ആയുർവേദ ചികിത്സാ സൗകര്യവും പദ്ധതി വഴി ലഭ്യമാക്കും.