പഴയങ്ങാടി:മാടായിപ്പാറയിലെ മാടായി ശ്രീ വടുകുന്ദ ശിവക്ഷേത്രത്തിൽ മോഷണം. ക്ഷേത്ര ശ്രീകോവിലിന് അകത്തുള്ള ഭണ്ഡാരവും ഉപദേവ ഭണ്ഡാരവും കുത്തി പൊളിച്ച് കവർച്ച നടത്തിയ നിലയിലാണ്. ക്ഷേത്ര ശ്രീകോവിലിന്റെ വടക്കേ നടയുടെ പൂട്ട് ആയുധങ്ങൾ ഉപയോഗിച്ച് പൊട്ടിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത് എന്നാണ് പ്രാഥമിക നിഗമനം.
ക്ഷേത്രത്തിന്റെ നാലുകെട്ടിന് അകത്ത് കടന്ന മോഷ്ടാവ് ശ്രീകോവിന് സമീപമുള്ള ഗണപതി കോവിലിലെ ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്ന നിലയിലും. ചുറ്റമ്പലത്തിലെ ഉപദേവനായ ശ്രീ അയ്യപ്പസാമിയുടെ കാണിക്ക ഭണ്ഡാരവും കുത്തി തുറന്ന് പണാപഹരണം നടത്തിയ നിലയിലുമാണ്. ഇന്നലെ രാവിലെ അമ്പലത്തിൽ എത്തിയ ഭക്തരാണ് പൂട്ട് പൊട്ടിയ നിലയിൽ കണ്ടെത്തിയത്. ഇരുപത്തിനാല് മണിക്കുറും പ്രവർത്തിക്കുന്ന സി.സി ടി.വി ക്യാമറകളും സെക്യൂരിറ്റി ജിവനക്കാരനും ഉണ്ട് ഇവിടെ. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം കഴിഞ്ഞ ദിവസത്തിന് ശേഷം ക്ഷേത്ര തീരുമുറ്റത്തേ പ്രധാനക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടന്നിരുന്നു. പഴയങ്ങാടി എസ്.എച്ച് ഒ.ടി. എൻ സന്തോഷ് കുമാറും, കണ്ണൂരിൽ നിന്ന് എത്തിയ ഫോറൻസിക്ക് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി.