
കണ്ണൂർ:സംസ്ഥാനത്തെ അനാഥാലയങ്ങൾക്കു നൽകിവരുന്ന സൗജന്യറേഷനിൽ മണ്ണ് വാരിയിട്ട് സംസ്ഥാന സർക്കാർ.അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അഭയഭവനുകൾ, അഗതി മന്ദിരങ്ങൾ എന്നിവയ്ക്ക് സൗജന്യനിരക്കിൽ നൽകി വന്നിരുന്ന അരി,ഗോതമ്പ്, ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യവസ്തുക്കളാണ് സ്‌റ്റോക്കില്ലെന്ന് ചൂണ്ടിക്കാട്ടി മുടക്കിയിരിക്കുന്നത്.
വെൽഫെയർ സ്‌കീമിൽ ഉൾപ്പെടുത്തി കേന്ദ്രത്തിൽനിന്ന് ലഭിച്ചിരുന്ന ഭക്ഷ്യധാന്യമാണ് മുടങ്ങിയത്. ഒരു അന്തേവാസിക്ക് പ്രതിദിനം പത്തരകിലോ അരി, നാലരകിലോ ഗോതമ്പ് എന്നിവയാണ് സൗജന്യനിരക്കിൽ സർക്കാർ നൽകിവന്നിരുന്നത്. സംസ്ഥാനത്ത് അഗതി, അനാഥമന്ദിരങ്ങളിലായി 1800 അന്തേവാസികളാണ് കഴിയുന്നത്. വിവിധ മതസംഘടനകളും സന്നദ്ധസേവന സംഘടനകളും ഉദാരമതികളും നൽകുന്ന കാരുണ്യത്തിലാണ് ഈ സ്ഥാപനങ്ങൾ ഇപ്പോൾ മുൻപോട്ടുനീങ്ങുന്നത്. ഇത് എത്രകാലം കഴിയുമെന്നാണ് നടത്തിപ്പുകാർ ചോദിക്കുന്നത്. നേരത്തെ അനാഥലയങ്ങളിലെ അന്തേവാസികൾക്ക് നൽകിവന്നിരുന്ന സാമൂഹ്യസുരക്ഷാ പെൻഷനും സർക്കാർ നിർത്തലാക്കിയിരുന്നു.
അനാഥാലയങ്ങൾക്ക് റേഷൻ നിഷേധിച്ചുകൊണ്ട് സമൂഹത്തിലെ അശരണരായ മനുഷ്യരുടെ അന്നം മുടക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് കേരള അസോസിയേഷൻ ഓഫ് ഓർഫനേജ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ കണ്ണൂർ ജില്ലാഭാരവാഹികൾ ആരോപിച്ചു.
നേരത്തെ അനാഥാലയങ്ങളിലെ അന്തേവാസികൾക്ക് നൽകിവരുന്ന സാമൂഹ്യപെൻഷൻ നിർത്തലാക്കുക വഴി സർക്കാർ സ്വീകരിച്ചുവരുന്ന നിലപാടുകൾ ഇത്തരം സ്ഥാപനങ്ങളോടുള്ള നിഷേധാത്മക സമീപനത്തിന്റെ തെളിവാണ്
അഡ്വ.പി.വി സൈനുദ്ദീൻ( ജില്ലാജനറൽ സെക്രട്ടറി അസോ. ഓഫ് ഓഫ് ഓർഫനേജ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിയൂഷൻസ് കേരള)