നീലേശ്വരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നാഷണൽ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടർ പുനീത് കുമാർ നീലേശ്വരം ദേശീയപാത മാർക്കറ്റ് റോഡ് സന്ദർശിച്ചു. നീലേശ്വരം പാലം മുതൽ കരുവാച്ചേരി പെട്രോൾ പമ്പ് വരെ 5 മീറ്റർ ഉയരത്തിലുള്ള റോഡാണ് നിലവിലുള്ള പ്രോജക്ടിൽ വരുന്നത്. ഇങ്ങിനെ വരുമ്പോൾ നീലേശ്വരം നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ നീലേശ്വരം പൊലീസ് സ്റ്റേഷന്റെ മുന്നിൽക്കൂടിയാണ് നഗരത്തിലേക്ക് പ്രവേശിക്കാൻ റോഡ് വരുന്നത്. ഇങ്ങിനെ റോഡ് വരുകയാണെങ്കിൽ ഇത് നീലേശ്വരം നഗരത്തെ ഒറ്റപ്പെടുത്തും. ഈ വിഷയം എം.രാജഗോപാലൻ എം.എൽ.എ എൻ.എച്ച്.ഡയറക്ടർ പുനീത് കുമാറിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനീത് കുമാറും സംഘവും നീലേശ്വരം മാർക്കറ്റ് റോഡ് സന്ദർശിച്ചത്. നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, ഡെപ്യൂട്ടി കളക്ടർ ഫിലിപ്പ് ചെറിയാൻ എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.