ഇരിട്ടി: ആഢംബര കാറിൽ കടത്തുകയായിരുന്ന സിന്തറ്റിക്ക് മയക്കുമരുന്നും കഞ്ചാവുമായി നാല് യുവാക്കൾ കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ അറസ്റ്റിലായി. അതീവമാരക മയക്കുമരുന്നായ മെത്താഫിറ്റാമിൻ 11 ഗ്രാമും, 250 ഗ്രാം കഞ്ചാവുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. വാഹനപരിശോധനയ്ക്കിടെ ഇന്നലെ പുലർച്ചെയാണ് ന്യൂ മാഹി അഴിയൂർ സ്വദേശി എം.ഷഹീദ് (32),
ചൊക്ലി സ്വദേശി മുസമ്മിൽ (32), താഴെ പൂക്കോം സ്വദേശി ബൈത്തുൽ ഔലാദിൽ സി.കെ അഫ്സൽ (26), തില്ലങ്കേരി കാവുംപടി സ്വദേശി ചെക്യാട്ട് ഹൗസിൽ സി. അഫ്സൽ (26) എന്നിവർ പിടിയിലായത്.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഹരി കടത്ത് സംഘങ്ങളെ കുറിച്ച് നിർണ്ണായക വിവരങ്ങൾ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.