ആലക്കോട്: വയോജനങ്ങൾക്ക് പകൽസമയങ്ങളിൽ ഒത്തുകൂടുന്നതിനും ഒറ്റപ്പെടലിന്റെ വിരസത മാറ്റുന്നതിനുമായി പഞ്ചായത്തുകൾ തോറും നിർമ്മിച്ചിട്ടുള്ള പകൽവീടുകൾ മിക്കവയും ഇപ്പോൾ കാടുമൂടി നശിക്കുന്നു. പകൽവീടുകളിലേയ്ക്ക് പ്രായമായവരെ പറഞ്ഞയയ്ക്കുവാൻ ഉള്ള വിമുഖതയും കൊവിഡ് രോഗവ്യാപനത്തിന്റെ ഭീതിയുമാണ് പ്രധാനമായും ഈയവസ്ഥയ്ക്ക് കാരണമായത്.
ആലക്കോട് പഞ്ചായത്തിലെ പകൽവീട് അരങ്ങം പൊലീസ് സ്റ്റേഷന് തൊട്ടുമുമ്പിലാണ്. വയോജനവേദി പ്രവർത്തകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് 8 വർഷം മുമ്പാണ് പകൽവീട് നിർമ്മിച്ചത്. ആദ്യകാലങ്ങളിൽ നിരവധിയാളുകൾ ദിവസേന ഇവിടെയെത്തിയിരുന്നു. എന്നാൽ ഇവിടേയ്ക്ക് വരുന്നയാളുകളുടെ എണ്ണം പിന്നീട് കുറഞ്ഞു വന്നു. വയോജനവേദി പ്രവർത്തകരാണ് പകൽവീടിന്റെ സന്ദർശകരായി എത്തിയിരുന്നത്. കൊവിഡിന്റെ വരവോടെ പകൽവീട് അടച്ചുപൂട്ടി. ആലക്കോട് പഞ്ചായത്തിലെ പകൽവീടിന്റെ കാര്യം മാത്രമല്ല, മിക്ക പഞ്ചായത്തുകളിലെയും പകൽവീടുകളുടെ അവസ്ഥയാണിത്.
പഞ്ചായത്ത് ഫണ്ടിൽ നിന്നും ലക്ഷങ്ങൾമുടക്കി നിർമ്മിച്ച പകൽവീടുകൾ വയോജനങ്ങൾക്ക് പ്രയോജനകരമാകുന്ന വിധത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് നിലനിറുത്താനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്.
പോയാൽ അപകടവുമുണ്ട്
ആളും ആരവവുമൊന്നുമില്ലാതായതോടെ ആലക്കോട്ടെ പകൽവീട് കെട്ടിടം കാട് വളർന്നും പായൽ പിടിച്ചും നശിക്കുകയാണ്. റോഡിൽ നിന്നും ഈ കെട്ടിടത്തിലേയ്ക്ക് കുത്തനെയുള്ള ഇറക്കമിറങ്ങിവേണം നടന്നെത്താൻ. എന്നാൽ കോൺക്രീറ്റ് ചെയ്ത വഴിയിലൂടെ നടന്നാൽ തെന്നിവീണ് അപകടമുണ്ടാകുമെന്നുറപ്പാണ്.