കണ്ണൂർ: ജില്ലയിലുൾപ്പെടെ വടക്കൻ കേരളത്തിൽ കനത്ത മഴ. ജില്ലയിൽ കാലവർഷക്കെടുതിൽ ഒരു മരണം കൂടി സംഭവിച്ചതോടെ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഇരിട്ടി പുന്നാട്ടെ കല്ലങ്കോട് മാഞ്ഞാംപാറ കോളനിയിലെ ചന്ദ്രനെയാണ് (46) വെള്ളക്കെട്ടിൽ വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർച്ചയായി ആറുദിവസമായി പെയ്യുന്ന പേമാരി ജില്ലയിൽ കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. നിരവധി വീടുകൾ തകർന്നു.
കർഷകരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പേമാരി കൃഷിയിടങ്ങളെ വെള്ളത്തിലാഴ്ത്തി. മലയോര മേഖലകളിലെ പുഴകൾ കരകവിഞ്ഞൊഴുകുന്നതിനാൽ നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. പയ്യന്നൂർ വെള്ളൂർ വില്ലേജിലെ 12 കുടുംബങ്ങളെയും ചെറുപുഴയിലെ ഒരു കുടുംബത്തെയും ബന്ധുവീടുകളിലേക്ക് മാറ്റിപാർപ്പിച്ചു. മാട്ടൂൽ, പഴയങ്ങാടി ഭാഗങ്ങളിൽ കടലാക്രമം അതിരൂക്ഷമായി തുടരുകയാണ്. മഴ ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കാനുളള ഒരുക്കങ്ങൾ ജില്ലാഭരണകൂടം തുടങ്ങിയിട്ടുണ്ട്.
മുഴപ്പിലങ്ങാട് തെക്കെകുന്നുംപുറം ലക്ഷം വീട് കോളനിയിൽ രജിതയുടെ വീട് ഭാഗികമായി തകർന്നു. വടക്കുംമ്പാട് ബാലത്തിൽ മാഹി ബൈപ്പാസ് പാലത്തിന് സമീപത്തെ ഇരുനില വീടിന്റെ മുകളിൽ മരങ്ങൾ കടപുഴകിവീണു.എ.കെ പൂർണ്ണാനന്ദന്റെ വീടിന്റെ മുകളിലാണ്
ഇന്നലെ ഉച്ചയോടെ 2 തെങ്ങുകളും, നാലു കവുങ്ങുകളും കടപുഴകി വീണത്. വീടിന്റെ മേൽക്കൂരയും അടുക്കളയും ഭാഗികമായി തകർന്നു.അപകടത്തിൽ ആർക്കും പരുക്കില്ല.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം. തീരങ്ങളിൽ 14 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മീൻപിടിക്കാൻ കടലിൽ പോകരുത്.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 3.5 മുതൽ 4.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.