
കാഞ്ഞങ്ങാട്: ദിവസങ്ങളായി തുടരുന്ന മഴ കാഞ്ഞങ്ങാടിന്റെ തീരപ്രദേശത്തെ വെള്ളത്തിലാഴ്ത്തി. പലയിടങ്ങളിലും ജലനിരപ്പ് അരയൊപ്പം ഉയർന്നതോടെ വീടുകളിലും ക്വാർട്ടേഴ്സുകളിലുമെല്ലാം വെള്ളം കയറി. പല കുടുംബങ്ങളും ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും താൽകാലികമായി താമസം മാറിയിട്ടുണ്ട്.
ആവിക്കര, ഗാർഡർ വളപ്പ്, റെയിൽവെ സ്റ്റേഷൻ ഭാഗങ്ങളിൽ നിന്നടക്കമുള്ള മഴവെള്ളം ഒഴുകിയെത്തുന്ന കടപ്പുറത്തെ ബത്തേരിക്കൽ തോട് ഗതിമാറി 200 മീറ്ററോളം ദൂരം തെക്കോട്ട് ഒഴുകിയതിനെ തുടർന്ന് രണ്ടു തെങ്ങുകൾ കടപുഴകി. മറ്റ് രണ്ട് തെങ്ങുകൾ ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്. സമീപത്തെ വൈദ്യുതി തുണും അപകടാവസ്ഥയിലാണ്. യഥാസമയം കടലിലേക്ക് നീരൊഴുക്കു തുറന്നു വിടാത്തതാണ് തോട് ഗതി മാറി ഒഴുകാൻ ഇടയാക്കിയത്.
വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി: ചെയർപേഴ്സൺ
നഗരസഭയിലെ ഒന്ന്, രണ്ട് വാർഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ചെയർപേഴ്സൺ കെ.വി.സുജാത അറിയിച്ചു. മേൽപ്പാലത്തിലൂടെ ഒഴുകിവരുന്ന വെള്ളമാണ് ഗാർഡർ വളപ്പിനെ ബാധിക്കുന്നത്. ഇതിന്റെ മറുഭാഗം പഞ്ചായത്തായതിനാൽ പഞ്ചായത്തിനെ കൂടി ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കുമെന്ന് ചെയർപേഴ്സൺ പറഞ്ഞു.
ഫോട്ടോ:
ഗാർഡർ വളപ്പിൽ അരയോളം വെള്ളത്തിലായ വീട്
വീട് തകർന്നു
കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ മഴയിൽ വെള്ളിക്കോത്ത് അടോട്ടെ പാട്ടത്തിൽ ചന്ദ്രന്റെ വീട് പൂർണ്ണമായും തകർന്നു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ചന്ദ്രന്റെ ഭാര്യ ബീനക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്ദ്രനും സഹോദരിമാരായ കുഞ്ഞിപ്പെണ്ണ്, കമ്മാടത്തു എന്നിവരും വീട്ടിലുണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഫോട്ടോ
അടോട്ട് ചന്ദ്രന്റെ വീട് മഴയിൽ തകർന്ന നിലയിൽ