കണ്ണൂർ: ജില്ലയിൽ ദേശീയപാത വികസനത്തിന്റെയും ബൈപാസ് നിർമ്മാണത്തിന്റെയും ഭാഗമായുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ രണ്ട് ദേശീയപാത റീച്ചുകളിലും പ്രത്യേക ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയോഗിക്കും. ഇവർ ദൈനംദിനം റോഡ് പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊണ്ടുവെന്ന് ഉറപ്പുവരുത്തണം. തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം.
ദേശീയപാതയിലും പൊതുമരാമത്ത് റോഡുകളിലും പലയിടത്തും വെള്ളക്കെട്ടിന് പുറമെ വ്യാപകമായി കുഴികളും രൂപപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പും ദേശീയപാത അതോറിറ്റിയും ഇവ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. ജില്ലയിൽ നിലവിൽ ആശങ്കാജനകമായ സ്ഥിതിയില്ലെന്നും മഴ തീവ്രമായി തുടർന്നാൽ പലയിടത്തും വെള്ളം കയറാനും ഉരുൾപൊട്ടലിനും സാദ്ധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. ജില്ലയിൽ കാലവർഷത്തിന്റെ ഭാഗമായി ഈ വർഷം ഇതുവരെ ആറ് പേർ മരിച്ചതായി ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ അറിയിച്ചു. എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ ശൈലജ, ടി.ഐ മധുസൂദനൻ, കെ.വി സുമേഷ്, സണ്ണി ജോസഫ്, എം വിജിൻ, കെ.പി മോഹനൻ, മേയർ അഡ്വ. ടി.ഒ മോഹനൻ, എ.ഡി.എം കെ.കെ ദിവാകരൻ, സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ, സബ് കളക്ടർ അനുകുമാരി, തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി മേഴ്‌സി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.