കണ്ണൂർ: താണ കണ്ണോത്തുംചാലിലും സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. റോഡിൽ നിന്നു താഴ്ചയിലേക്ക് തെന്നിമാറിയാണ് അപകടം. കണ്ണൂരിൽ നിന്നു കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസാണ് ഇന്നലെ രാവിലെ ഏഴ് മണിയോടെ അപകടത്തിൽപെട്ടത്. റോഡിനു താഴെയുള്ള ടി.കെ. പ്രദീപ് കുമാറിന്റെ വീട്ടുമതിലിൽ ഇടിച്ചാണ് മുൻഭാഗം കുത്തി ബസ് നിന്നത്. മുൻവശം പൂർണമായും തകർന്നു. റോഡിനു ചേർന്നുള്ള ബോർഡുകളും കേബിൾ പോസ്റ്റും ഇടിച്ച് തെറിപ്പിച്ചതിനു ശേഷം നിയന്ത്രണം വിട്ട് ബസ് താഴേക്ക് തെന്നിമാറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ കുട്ടിമാക്കൂൽ സ്വദേശി അശ്വന്ത് (28), സീമ സുരേന്ദ്രൻ (61), ചന്ദ്രൻ (26) ഒളവിലം, മിംസ് ആശുപത്രി ജീവനക്കാരായ സയന (23), ജസ്ന (26) എന്നിവരെ പരിക്കുകളോടെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.