buss
അപകടത്തിൽപ്പെട്ട സ്വകാര്യ ബസുകൾ

തലശ്ശേരി: ദേശീയപാതയിൽ സൈദാർപള്ളിക്കും ചക്യത്ത്മുക്കിനും ഇടയിൽ ഹീറോഹോണ്ട ഷോറൂമിനു മുന്നിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30ഓളം യാത്രക്കാർക്ക് പരിക്ക്. കോഴിക്കോട്- കണ്ണൂർ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ് ഇന്നലെ രാവിലെ 9.45 ഓടെ അപകടത്തിൽപ്പെട്ടത്. വർഗീസ്, ഭാഗ്യലക്ഷ്മി, സുധ, ബിജു, ജാനു, ദിനേശൻ, സംഗീത, രൂപേഷ്, സുനിൽ, അശ്വതി തുടങ്ങി 30ഓളം യാത്രക്കാരെ തലശ്ശേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ആർക്കും സാരമായ പരിക്കില്ല. തലശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോടേക്കു പോകുകയായിരുന്ന കെ.എൽ 58 എസ് 567 ഷഫോണ ബസും കോഴിക്കോട് നിന്നും കണ്ണൂരിലേക്കു വന്ന കെ.എൽ 39 ജെ 0152 ലിമിറ്റഡ് 707 ബസുമാണ് അപകടത്തിൽപെട്ടത്. തലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ബസിനെ ഇടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം തകർന്നു. 707 ബസിന്റെ ഡ്രൈവർ പരിക്കുകളോടെ തത്സമയം ഇറങ്ങി ഓടിയതായി ദൃക്സാക്ഷികൾ പറഞ്ഞു. തലശ്ശേരി പൊലീസും അഗ്നിക്ഷാസേനയും ഉടൻ തന്നെ സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ഒന്നര മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. മറ്റു വാഹനങ്ങളെ സൈദാർ പള്ളിയിൽ നിന്നും തലായിൽ നിന്നും വഴിതിരിച്ച് വിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. ക്രെയിൻ ഉപയോഗിച്ച് ബസുകൾ റോഡരികിലേക്ക് മാറ്റി 11. 45 ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തിൽ തലശ്ശേരി പൊലീസ് കേസെടുത്തു.