villal
കനത്ത മഴയെത്തുടർന്ന് ശാന്തിഗിരി കൈലാസംപടിയിൽ ഭൂമിയിൽ രൂപപ്പെട്ട വിള്ളൽ

കേളകം: കേളകം പഞ്ചായത്തിലെ ശാന്തിഗിരി കൈലാസംപടിയിൽ ഭൂമിയിൽ വീണ്ടും വിള്ളൽ.മഴക്കാലത്ത് ഭൂമി വിണ്ടുകീറുന്ന പ്രതിഭാസമുള്ളതിനാൽ കൈലാസം പടിയിലെ 13 വീട്ടുകാർ ഭയന്നു കഴിയുന്നതിനിടെയാണ് പ്രദേശവാസികളുടെ ഉറക്കംകെടുത്തിവീണ്ടും കൈലാസംപടിയിലും പരിസരത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിഭൂമിയിലും റോഡുകളിലും വിള്ളൽ കണ്ടെത്തിയത്.

കഴിഞ്ഞ വർഷം വിള്ളൽ കണ്ടെത്തിയ റോഡിൽ ഇത്തവണ ടാറിംഗ് നടത്തിയിരുന്നെങ്കിലും ആ ഭാഗത്ത് തന്നെയാണ് നിലവിൽ വിള്ളൽ ഉണ്ടായിരിക്കുന്നത്.കൂടാതെ കൃഷി ഭൂമിയിലും ദിവസേന വിള്ളൽ പ്രതിഭാസം ഉണ്ടാകുന്നതായി പ്രദേശവാസിയായ മുതലപ്ര ത്രേസ്യാമ്മ പറയുന്നു.ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി ഭൂമി ഇടിഞ്ഞുതാഴ്ന്നു പോകുമോയെന്ന ഭയത്തിലാണ് നാട്ടുകാർ.ഇതിനകം തന്നെ നിരവധി വീടുകളിലും കൃഷിഭൂമിയിലും വിള്ളൽ കണ്ടെത്തിയിരുന്നു.എന്നാൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല.

2018ലെ പ്രളയകാലത്താണ് ഭൂമിക്ക് വ്യാപക വിള്ളലുകൾ വീണത്. 2019ൽ മഴ കനത്തപ്പോൾ വിള്ളലുകൾ വീണ്ടും വ്യാപകമായി. ജിയോളജി വകുപ്പ് വിദഗ്ദ്ധ സമിതി പഠനം നടത്തി പ്രദേശത്ത് സോയിൽ പൈപ്പിംഗ് പ്രതിഭാസമുണ്ടെന്നും ജനവാസയോഗ്യമായ പ്രദേശമല്ലെന്നുംവിലയിരുത്തിയിരുന്നു. എന്നാൽ ഇതിൽ മൂന്ന് കുടുംബങ്ങൾക്ക് മാത്രമാണ് സ്ഥലം വാങ്ങി വീടുവെയ്ക്കാൻ പത്തു ലക്ഷത്തിന്റെ സഹായധനം നൽകിയത്.തുടർച്ചയായ വർഷങ്ങളിൽ മഴക്കാലത്ത് ഭൂമിക്കുണ്ടാകുന്ന വിള്ളൽ പ്രതിഭാസത്തിന് പരിഹാരം കാണാത്തത്തിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.