photo-1-
കക്കാട് ജില്ലാ സ്‌പോർട്സ് കൗൺസിൽ സ്ഥാപിച്ച ആധുനിക സ്വിമ്മിംഗ് പൂൾ

കണ്ണൂർ: നീന്തൽ പരിശീലനത്തിനായി കക്കാട് പുഴയ്ക്ക് സമീപം ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച നീന്തൽകുളം സാമൂഹ്യവിരുദ്ധർ നശിപ്പിക്കുന്നു. കന്നുകാലികളുടെയും തെരുവു പട്ടികളുടെയുമെല്ലാം വിഹാരകേന്ദ്രം കൂടിയായി ഇവിടം.

നിർമ്മിച്ച സ്പോർട്സ് കൗൺസിലിനും വേണ്ടാതായതോടെയാണ് നീന്തൽ കുളം ഈ രീതിയിൽ നശിപ്പിക്കുന്നത്. അരകോടി രൂപയാണ് ഇവിടെ വെള്ളത്തിലാക്കിയത്. കുറച്ച് ദിവസം മുൻപ് വരെ കുളത്തിൽ അറവു മാലിന്യങ്ങൾ കൊണ്ടുതള്ളിയിരുന്നു. ഡ്രസ്സിംഗ് റൂമിൽ വൈക്കോലുകൾ സൂക്ഷിച്ച നിലയിലുമായിരുന്നു. ചുറ്റിലും കാട് കയറി പ്ളാസ്റ്റിക്ക് കുപ്പികളും മറ്റ് മാലിന്യങ്ങളും കെട്ടിക്കിടക്കുന്ന ഈ നീന്തൽ കുളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുകയാണെന്ന പരാതിയുമുണ്ട്. ഇരിപ്പിടങ്ങൾ പൊട്ടിപൊളിഞ്ഞ നിലയിലുമായി.

അരക്കോടിയോളം രൂപ ചെലവഴിച്ചാണ് ജില്ലാ സ്‌പോർട്സ് കൗൺസിൽ ആധുനിക സ്വിമ്മിംഗ് പൂൾ സ്ഥാപിച്ചത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും കക്കാട് പുഴയിൽ നിന്നും മലിനജലം കയറി അത്യാധുനിക പ്ലാന്റ് മുഴുവനായും നശിച്ചിരുന്നു. അതുവരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന നീന്തൽകുളത്തിൽ നിന്നും നിരവധി കുട്ടികളാണ് പരിശീലനം നേടിയത്. ജില്ലാതല നീന്തൽ മത്സരങ്ങളും ഇവിടെ നടന്നിരുന്നു. 2016ലാണ് കക്കാട് ജംഗ്ഷനിലെ റോഡരികിൽ സ്ഥാപിച്ച നീന്തൽകുളം ഉദ്ഘാടനം ചെയ്തത്.

സ്പോർട്സ് കൗൺസിൽ

തന്നെ താഴിട്ടു

മലിനജലം കയറുന്നതിനാൽ കക്കാട് പുഴയോട് ചേർന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നിർമ്മിച്ച അത്യാധുനിക സ്വിമ്മിംഗ് പൂൾ ഉപേക്ഷിക്കാൻ കൗൺസിൽ തന്നെ തീരുമാനിക്കുകയായിരുന്നു. ഇതിനുപകരം മുണ്ടയാട് ഇൻഡോർ സ്​റ്റേഡിയത്തിൽ അത്യാധുനിക നീന്തൽകുളം നിർമ്മിക്കാനാണ് തീരുമാനം. ഇതിന്റെ ടെൻഡർ നടപടികൾ തുടങ്ങിയതായി അധികൃതർ പറഞ്ഞു.

പമ്പുസെറ്റുകൾ ഉൾപ്പെടെ

തകരാറിൽ

എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതിനു വേണ്ടിയുള്ള നീന്തൽ പരിശീലനമാണ് പ്രധാനമായും ഇവിടെ നടന്നിരുന്നത്. പ്രളയങ്ങളിൽ വെള്ളം കയറുകയും സ്ഥാപിച്ചിരുന്ന പമ്പ് സെ​റ്റുകൾ ഉപയോഗശൂന്യമാവുകയും ചെയ്തിരുന്നു. കന്നുകാലികളും മ​റ്റും കയറിയിറങ്ങുന്നതിനാൽ ടൈൽസ് വിരിച്ച പടവുകൾ പൊട്ടിത്തകരുകയും ചെയ്തു. മൂന്ന് വർഷമായി അടച്ചിട്ടിരിക്കുകയാണ്.