നീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്തിൽ,​ ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയായി 200 ഏക്കറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന കടലാടിപ്പാറ സംരക്ഷണമില്ലാതെ നശിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 170 മീറ്റർ ഉയരത്തിൽ നിൽക്കുന്ന ഈ പ്രദേശം പാറക്കളവും ജല നിർഗ്ഗമന തോടുകളാലും ജലസമൃദ്ധമാണ്.

നീലേശ്വരം പുഴയുടെ പ്രഭവ കേന്ദ്രമായ മയ്യങ്ങാനം, കാളിയാനം തോടുകൾ ആരംഭിക്കുന്നത് കടലാടിപ്പാറയുടെ തെക്കും വടക്കും ചെരിവുകളിൽ നിന്നാണ്.

എന്നാൽ വൈവിദ്ധ്യമാർന്ന ഈ പ്രദേശം നാൾക്കുനാൾ ശോഷിച്ചുവരികയാണ്. വർഷങ്ങൾക്ക് മുമ്പ് ലാറ്ററൈറ്റ് ഖനനത്തിനായി ആഗോള കമ്പനിയായ ആശാപുര ഇവിടെ കണ്ണുവെച്ച് ഖനനത്തിന് നീക്കം നടത്തിയിരുന്നു. ഖനനഭീഷണിയെ ചെറുക്കാൻ കിനാനൂർ കരിന്തളത്തെ ജനത നടത്തിയ പോരാട്ടത്തെ തുടർന്ന് കമ്പനി ഇതിൽ നിന്നും പിന്മാറുകയായിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ വിവിധ ഘട്ടങ്ങളിൽ പ്രശ്നത്തിൽ ഇടപെടുകയുമുണ്ടായി. ഒടുവിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം നടത്താൻ നിശ്ചയിച്ച പൊതു തെളിവെടുപ്പ് ആയിരക്കണക്കിന് ജനങ്ങൾ ഇടപെട്ട് തടഞ്ഞതോടെയാണ് ഖനന നീക്കത്തിൽ നിന്നും കമ്പനി പിൻവാങ്ങിയത്.

അമൂല്യസസ്യങ്ങൾ,​

ചെറുജീവികൾ...

തവളകൾ, ശുദ്ധജല മത്സ്യങ്ങൾ എന്നിവയുടെ പ്രജനന കേന്ദ്രമായ കടലാടിപ്പാറയിൽ ഞണ്ടുകളുടെ സാന്നിദ്ധ്യവുമുണ്ട്. ദേശാടന പക്ഷികൾ ഉൾപ്പെടെ പലതരം പക്ഷി വർഗ്ഗങ്ങളുടെയും ചെറുജീവികളുടെയും ആവാസ കേന്ദ്രമാണിത്. നൂറുകണക്കിന് ചെറുസസ്യങ്ങൾ ഈ പ്രദേശത്തുണ്ട്. മിക്കവയും മൺസൂൺ കാലത്ത് മുളച്ചുപൊങ്ങുകയും പൂക്കുകയും ഏതാനും മാസക്കാലം മാത്രം ആയുസ്സുള്ളവയുമാണ്. അമൂല്യമായ സസ്യങ്ങളും ഇവിടത്തെ ധാതുസമ്പന്നമായ ചെങ്കൽ പാറയിലുണ്ട്. പാറമുള്ള, പാറപ്പൂവ്, കാക്കപ്പൂവ്, കൃഷ്ണപ്പൂവ്, പാറച്ചെക്കാ കായാമ്പു, ചൂരിപ്പഴം കൊട്ടപ്പഴം. ചേരിക്കൊട്ട, തൊണ്ടിപ്പഴം, നര, ശതാവരി, കുറുന്ത തുടങ്ങി നിരവധി സസ്യങ്ങൾ ഇവിടത്തെ സസ്യസമ്പത്തിന്റെ ഭാഗമാണ്.

കടലാടിപ്പാറ സംരക്ഷിച്ച് ജൈവ വൈവിദ്ധ്യ കേന്ദ്രമായി പ്രഖ്യാപിക്കണം. ഇതിന് പഞ്ചായത്ത് ഭരണസമിതിയും ജൈവ വൈവിദ്ധ്യ പരിപാലന സമിതിയും മുന്നോട്ടുവരണം. യാതൊരു നിയന്ത്രണവുമില്ലാതെ നടക്കുന്ന ചെങ്കൽ ഖനനം നിർത്തണം

നാട്ടുകാർ