photo-1
അഞ്ചരക്കണ്ടി പദ്ധതി പ്രദേശവും ദുരിത ബാധിത സ്ഥലങ്ങളും പി.സന്തോഷ് കുമാർ എം.പി , സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.പി.ഷൈജൻ എന്നിവർ സന്ദർശിക്കുന്നു

പിണറായി: അശാസ്ത്രീയമായ ബണ്ട് നിർമ്മാണത്തെ തുടർന്ന് അഞ്ചരക്കണ്ടി പുഴയിൽ നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് വീടും കെട്ടിടങ്ങളും അപകട ഭീഷണിയിലായ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കയക​റ്റാനും അടിയന്തര നഷ്ടപരിഹാരം നല്കാനും നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി അഡ്വക്കേറ്റ് പി.സന്തോഷ് കുമാർ എം.പി ആവശ്യപ്പെട്ടു.

രണ്ടാഴ്ചയിലേറെയായി പിണറായി, പെരളശേരി പഞ്ചായത്തുകളിലെ തീരവാസികൾ ആശങ്കയിലാണ്. വ്യാപകമായി കൃഷി നശിച്ചിരിക്കുകയാണ്. വിദ്യാലയം പോലും താല്കാലികമായി മ​റ്റൊരു കെട്ടിടത്തിലേക്ക് മാ​റ്റിയിരിക്കുകയാണ്. പദ്ധതി കമ്മീഷൻ ചെയ്യുമ്പോൾ മാവിലായി, പാറപ്രം, എടക്കടവ്, ചേരിക്കൽ പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടർന്നും ഉണ്ടാകുമെന്ന ആശങ്ക ജനങ്ങളിലുണ്ട്.

ഇരുകരകളിലും മതിയായ സംരക്ഷണഭിത്തി നിർമ്മിക്കാനും നടപടിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.എം.പിയ്ക്കൊപ്പം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.പി.ഷൈജൻ, തലശേരി മണ്ഡലം സെക്രട്ടറി അഡ്വ.എം.എസ്.നിഷാദ്, പാറപ്രം ലോക്കൽ സെക്രട്ടറി എം. മഹേഷ് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.