പഴയങ്ങാടി: മാടായി പഞ്ചായത്തിന് കീഴിലെ മുട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മുഴുവൻ മുറികളിലും ചോർച്ച. നഴ്സ്മാരുടെ മുറി, ഇഞ്ചക്ഷൻ കൊടുക്കുന്ന മുറി, മരുന്ന് കൊടുക്കുന്ന മുറി, ഓഫീസ് മുറി ഇവിടങ്ങളിലെല്ലാം വൻ ചോർച്ചയാണ്. മുറിക്കുള്ളിലേക്ക് വരുന്ന വെള്ളം പ്ലാസ്റ്റിക് ബക്കറ്റും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ചാണ് ജീവനക്കാർ ശേഖരിച്ച് കളയുന്നത്.
ദിവസവും നൂറോളം രോഗികൾ എത്തുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം 2003ലാണ് നിർമ്മിച്ചത്. എല്ലാ സൗകര്യങ്ങളോടും കൂടിയ 2021ൽ നിർമ്മിച്ച കെട്ടിടം ഉണ്ടെങ്കിലും അത് പൂട്ടിയിട്ട നിലയിലാണ്. പുതിയ കെട്ടിടത്തിന് സമീപത്തായി ആദ്യ ആരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടം പൊട്ടിപ്പൊളിഞ്ഞു കിടപ്പുണ്ട്. ഇത് പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിർമ്മിക്കാൻ യാതൊരു നടപടിയും ഇല്ല.
ആരോഗ്യ കേന്ദ്രത്തിന് ചുറ്റും വെള്ളം കെട്ടി നിന്ന് കൊതുകുകളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുന്നു. സമയാസമയങ്ങളിൽ കെട്ടിടം അറ്റകുറ്റപ്രവൃത്തികൾ നടത്താത്തതാണ് ആശുപത്രി ഇങ്ങനെ ചോർന്ന് ഒലിക്കാൻ കാരണം. തീരദേശ മേഖലയായ ഇവിടെ പാവപ്പെട്ട രോഗികളും ആശുപത്രി ജീവനക്കാരുമാണ് ദുരിതം പേറുന്നത്.