തൃക്കരിപ്പൂർ: തൃക്കരിപ്പൂർ മണ്ഡലത്തിലെ ഇടയിലക്കാട് പ്രദേശത്തെ ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യമായ റേഷൻ കട അനുവദിച്ച് സർക്കാർ ഉത്തരവായി.

നേരത്തെ വെള്ളാപ്പിൽ പ്രവർത്തിച്ചിരുന്ന റേഷൻകട കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം ഇടയിലക്കാട്ടേക്ക് മാറ്റിയിരുന്നു. ഇത് ജനങ്ങൾ ഇരു വിഭാഗമായി തിരിഞ്ഞ് സംഘർഷമുടലെടുക്കാൻ ഇടയാക്കിയിരുന്നു. റേഷൻ ഷാപ്പ് വെള്ളാപ്പിൽ തന്നെ നിലനിർത്തണം എന്ന് വെള്ളാപ്പ് പ്രദേശത്തെ ജനങ്ങളും ഒരു വിഭാഗം ജനപ്രതിനിധികളും, ഇടയിലക്കാട് വേണമെന്ന് ഈ പ്രദേശത്തെ ജനങ്ങളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. റോഡ് ഉപരോധമടക്കമുള്ള പ്രതിഷേധ നടപടികൾ നടത്തുകയും പ്രദേശം സംഘർഷഭരിതമാവുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം സെപ്റ്റംബറിൽ സ്ഥലം എം.എൽ.എ എം. രാജഗോപാലൻ ഇടയിലക്കാട്ടിൽ പുതിയ റേഷൻ ഷാപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിൽ അപേക്ഷ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് വകുപ്പുതല നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഇടയിലക്കാട് പുതിയ റേഷൻ ഷോപ്പ് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയത്. തൃക്കരിപ്പൂർ പഞ്ചായത്തിലെ വെള്ളാപ്പിലെ റേഷൻ ഷാപ്പ് നിലനിർത്തിക്കൊണ്ടാണ് വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലക്കാട്ടിൽ പുതിയ റേഷൻ ഷാപ്പ് അനുവദിച്ചത്.