കണ്ണൂർ: തെക്കീ ബസാറിലെ ഇന്ത്യൻ കോഫി ഹൗസിൽ തീപിടുത്തം. ഇന്നലെ രാവിലെ 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന നോൺവെജ് സെക്ഷനിലെ അടുക്കളയിലാണ് തീപിടിച്ചത്. അടുക്കളയിലെ സ്​റ്റൗവിൽ നിന്ന് മുകളിലെ എക്‌സ്‌ഹോസ്​റ്റ് ഹുഡിലേക്ക് തീ പടരുകയായിരുന്നു. വിവരമറിഞ്ഞ് രണ്ട് യൂനി​റ്റ് ഫയർ സർവീസ് സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. മൂന്ന് ജീവനക്കാർ സംഭവ സമയം അടുക്കളയിലുണ്ടായിരുന്നു. പെട്ടെന്ന് തന്നെ തീ അണക്കാനായത് കൊണ്ട് കൂടുതൽ നാശനഷ്ടമുണ്ടായില്ല. അടുക്കളയുടെ മുകൾഭാഗത്തെ സീലിംഗ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒന്നാംനിലയിലെ നോൺവെജ് വിഭാഗം പ്രവർത്തന സമയമല്ലാത്തത് കൊണ്ട് ജീവനക്കാർ മാത്രമേ സംഭവ സമയം അവിടെയുണ്ടായിരുന്നുള്ളൂ.