കാസർകോട്: കാലവർഷ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന്റെ അദ്ധ്യക്ഷതയിൽ ജില്ലാതല ഉദ്യോഗസ്ഥരുടേയും മറ്റു നിർവ്വഹണ ഉദ്യോഗസ്ഥന്മാരുടേയും ഓൺലൈൻ യോഗം ചേർന്നു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഫലപ്രദമായ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഉറപ്പാക്കാനും അവ വിലയിരുത്തുന്നതിനുമായാണ് യോഗം ചേർന്നത്.
കാലവർഷക്കെടുതിയിൽ ജില്ലയിൽ 151 വീടുകളാണ് തകർന്നത്. 135 വീടുകൾ ഭാഗീകമായും 16 വീടുകൾ പൂർണമായും തകർന്നു. മഞ്ചേശ്വരം താലൂക്കിൽ രണ്ട് മരണവും കാസർകോട് താലൂക്കിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളക്കെട്ടുമൂലം ദുരിതം അനുഭവിക്കുന്ന പനത്തടി പഞ്ചായത്തിലെ ഒമ്പത് ആദിവാസി കുടുംബങ്ങളെ പട്ടയം നൽകി മാറ്റി പാർപ്പിക്കാൻ യോഗത്തിൽ തിരുമാനമായി. മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള ധന സഹായ വിതരണം ഒരാഴ്ച്ചയ്ക്കകം പൂർത്തിയാക്കും. കൂടാതെ മഴയിൽ തകർന്ന നീലേശ്വരത്തെ ദേശീയ പാത ഉടൻ നന്നാക്കാനും യോഗം തീരുമാനിച്ചു. ഡി.ഡി.എം.എ അംഗങ്ങൾ, വിവിധ വകുപ്പ് മേധാവികൾ, തഹസിൽദാർമാർ, പഞ്ചായത്ത് പ്രസിഡന്റ്മാർ, സെക്രട്ടറിമാർ, നഗരസഭാ അദ്ധ്യക്ഷൻമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. റോഡരികിലും പൊതുഇടങ്ങളിലും സ്‌കൂൾ വളപ്പിലും അപകടാവസ്ഥയിലുള്ള മരങ്ങൾ ഉടൻ മുറിച്ചു നീക്കാൻ ട്രീ കമ്മിറ്റികൾ ചേരുന്നതിന് നിർദ്ദേശം നൽകി. ജൂൺ ഒന്നു മുതൽ ജൂലായ് 13 വരെ മഴക്കെടുതിയിൽ ജില്ലയിൽ 5,759 കർഷകർക്ക് കൃഷി നാശമുണ്ടായി. 606.52 ഹെക്ടർ കൃഷി നശിച്ചു. 429. 77 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.