കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിന്നും 20 മിനിട്ട് കൊണ്ട് എത്താമെങ്കിലും മടിക്കൈയിലെ കാരാക്കോട് വികസനകാര്യത്തിൽ അര നൂറ്റാണ്ട് പിന്നിലാണ്. നാട് രക്ഷപ്പെടാൻ പുത്തൻ പാലം വരുമെന്ന വാഗ്ദാനം ഫയലിൽ മാത്രമായതോടെ നാട് ഇത്തവണയും മലവെള്ളപാച്ചിലിൽ ഒറ്റപ്പെടും. കോടോം ബേളൂരും മടിക്കൈയും അതിർത്തി പങ്കിടുന്ന പനങ്ങാട് പ്രദേശവും ഇതേ ദുരിതത്തിലാണ്. ഇരുപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന കാരാക്കോട് പാലത്തിനായി കിഫ്ബി, നബാർഡ്, കാസർകോട് പാക്കേജ് എന്നിങ്ങനെ പല പ്രഖ്യാപനങ്ങളും കേട്ടെങ്കിലും ഒന്നും നടന്നില്ല.
പനങ്ങാട്ടെ ഗവ. യു.പി സ്‌കൂളിൽ പഠിക്കുന്നതിലേറെയും മടിക്കൈയിലെ കുട്ടികളാണെങ്കിലും മഴ കനത്താൽ പഠനം മുടങ്ങും. തടയണയോട് കൂടിയ പാലത്തിൽ വെള്ളം കയറുന്നതാണ് പ്രശ്നം.
നാൽപത് വർഷം മുൻപ് എണ്ണപ്പാറ ഭാഗത്ത് നിന്ന് കാരാക്കോട് പാലം വരെ ബസ് സർവീസുണ്ടായിരുന്നു. അന്ന് കാർഷിക ഉത്പന്നങ്ങളൊക്കെ കടത്തിയത് ഇതിലായിരുന്നു. പിന്നീട് അതൊക്കെ നിലച്ചു. കാരാക്കോട് മുതൽ പേരിയ വരെ ഇടുങ്ങിയ പാതയാണ്. കാരാക്കോട് ഉയരത്തിൽ പാലവും നല്ല റോഡും വന്നാൽ മലയോരത്തെ ജനങ്ങൾക്ക് ഇത് എളുപ്പ വഴിയാകും. ഇതോടെ തങ്ങളുടെ നാട്ടിലും വികസനത്തിന്റെ കാറ്റ് വരുമെന്നാണ് നാട്ടുകാരുടെ സ്വപ്നം.
റാക്കോൽ എണ്ണപ്പാറ റോഡിനായി കിഫ്ബിയിൽ തുക അനുവദിച്ചതായി ഒന്നാം പിണറായി സർക്കാരിലെ ധനമന്ത്രി തന്നെ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. പക്ഷെ, സാങ്കേതിക കാരണം പറഞ്ഞ് തള്ളി.
ചെമ്മട്ടംവയൽ കാലിച്ചാനടുക്കം റോഡിലെ മുണ്ടോട്ട് മൊട്ടയിൽ നിന്ന് കാരാക്കോട് വരെയും, ആനക്കുഴി മുതൽ പേരിയ വരെയും നിലവിൽ ബസ് സർവീസുണ്ട്. ഇതിനിടയിൽ മൂന്ന് കിലോ മീറ്ററിൽ താഴെ ദൂരമാണ് അടിയന്തരമായി നവീകരിക്കേണ്ടത്. നിലവിലെ പാലം ഇറിഗേഷൻ വകുപ്പിന് കീഴിലാണ്. ട്രാക്ടർ വേ മാത്രമാണെങ്കിലും ചെങ്കൽ ലോറികളൊക്കെ കഷ്ടപ്പെട്ട് കയറി പോകുന്നുണ്ട്.
കാരാക്കോടും പനങ്ങാടുമായി നിലവിൽ ആകെ ഒന്നോ രണ്ടോ കടകൾ മാത്രമേ ഇന്നുള്ളൂ.
പരിധിക്ക് പുറത്താണ് ഈ പ്രദേശം
കിഴക്കൻ മലയോര ഗ്രാമങ്ങളെല്ലാം വികസിക്കുമ്പോൾ ഈ പ്രദേശത്ത് മാത്രം മൊബൈൽ ഫോണുകൾക്ക് പോലും റേഞ്ച് ഉണ്ടാകാറില്ല. ഓൺലൈൻ ക്ലാസുകളുടെ കാലത്ത് ആദിവാസി കോളനിയിലെ വിദ്യാർത്ഥികളെയും ഇത് അലട്ടിയിരുന്നു. ഇവിടെ പാലം വരുന്നതോടെ മടിക്കൈ പഞ്ചായത്തിലുള്ളവർക്ക് എണ്ണപ്പാറയിലെ ആശുപത്രിയിലേക്കും കോടോം ബേളൂരിലെ തായന്നൂർ സ്‌കൂളിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും സുഗമമായി എത്താനാകും. കാരാക്കോട് പാലം കടന്നാൽ മറുവശത്തെ ആളുകൾക്ക് വെള്ളരിക്കുണ്ട് താലൂക്കും, പരപ്പ ബ്ലോക്ക് പഞ്ചായത്തുമാണ്.