
കാസർകോട്: നീലേശ്വരം-ഇടത്തോട് , കിളിയളം വരഞ്ഞൂർ , കല്ലടുക്ക-ചെർക്കള , പാണത്തൂർ-കല്ലപ്പള്ളി , ചെറുവത്തൂർ-ഭീമനടി റോഡുകൾ നിശ്ചിതകാലാവധി പിന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാക്കാത്തത് സംബന്ധിച്ച് കരാറുകാർക്കെതിരെ കർശനനടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.ഇ.ചന്ദ്രശേഖരൻ എം.എൽ.എയാണ് ഇക്കാര്യം ഇന്നലെ നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചത്.
ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തുമെന്നും അനാസ്ഥകാണിക്കുന്ന കരാറുകാർക്കെതിരെ നടപടി കൂടുതൽ കർശനമാക്കുമെന്നും മന്ത്രി നിയമസഭയിൽ ഉറപ്പു നൽകി. ചില കരാറുകാർ സൈറ്റ് കൈമാറിയിട്ടും പ്രവൃത്തി ആരംഭിക്കാത്ത അവസ്ഥയുണ്ട്. കരാറുകാരന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിൽ വകുപ്പ് മാന്വൽ, സ്റ്റാന്റേർഡ് ബിഡ് ഡോക്യുമെന്റ് എന്നിവയിലെ വ്യവസ്ഥ അനുസരിച്ച് പിഴ ചുമത്തൽ, കരാറുകാരുടെ നഷ്ടോത്തരവാദിത്വത്തിൽ പ്രവൃത്തിയിൽ നിന്ന് ഒഴിവാക്കൽ, ലൈസൻസ് റദ്ദ് ചെയ്യൽ, കരിമ്പട്ടികയിൽ ഉൾപ്പെടുത്തൽ തുടങ്ങിയ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി മറുപടിയിൽ പറഞ്ഞു.
ഒട്ടനവധി കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. പല ഇടങ്ങളിലും റീ അറേഞ്ച് ചെയ്യുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി പലരും ടെർമിനേഷനോട് വൈമനസ്യം കാണിക്കുന്നുണ്ട്. എന്നാൽ നിശ്ചിത കാലയളവിനകം പ്രവൃത്തി റീടെൻഡർ ചെയ്യുകയെന്നതാണ് നിലപാട്. ഇത്തരത്തിൽ കോഴിക്കോട്-പേരാമ്പ്ര മണ്ഡലത്തില താന്നിക്കണ്ടി-ചക്കിട്ടപ്പാറ റോഡ് 2021 ഒക്ടോബർ 14ന് ടെർമിനേഷൻ നടത്തി നവംബർ 9ന് വർക്ക് റീ അറേഞ്ച് ചെയ്തു നൽകിയിരുന്നു. ഈ മാതൃക എല്ലായിടത്തും നടപ്പിലാക്കാനാണ് വകുപ്പിന്റെ ശ്രമമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ തന്നെ പ്രവൃത്തിയുടെ സമയ പരിധി നിശ്ചയിക്കും. സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ സ്റ്റാന്റേർഡ് ബിഡ് ഡോക്യുമെന്റിലും കരാറിലും ഉൾപ്പെടുത്തുന്നുണ്ട്. ഓരോ പ്രവൃത്തിയും കൃത്യമായി വിലയിരുത്തുന്ന സംവിധാനം വകുപ്പിൽ നിലവിലുണ്ട്. നിശ്ചിത സമയത്ത് പ്രവൃത്തി പൂർത്തിയാക്കുന്നവർക്ക് ഇൻസെന്റീവ് നൽകും-മന്ത്രി മുഹമ്മദ് റിയാസ്
കാസർകോട് ജില്ലയിലും സംസ്ഥാനത്ത് പലയിടത്തും ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും കരാറുകാർ കൃത്യമായി പ്രവൃത്തി ചെയ്തു തീർക്കാതെതിനെ തുടർന്ന് ജനങ്ങൾ ദുരിതം അനുഭവിക്കുകയാണെന്ന് ഇ ചന്ദ്രശേഖരൻ എം.എൽ.എ ശ്രദ്ധ ക്ഷണിക്കലിൽ ഉന്നയിച്ചു. റോഡിലെ വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കൽ, പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കൽ ഇവയ്ക്കെല്ലാം ഉണ്ടാകുന്ന കാലതാമസവും അതോടൊപ്പം കരാറുകാരുടെ അനാസ്ഥയും ഉണ്ടാകുന്നു. ചിലയിടങ്ങളിൽ പ്രവൃത്തിയുടെ ഭാഗമായി റോഡിൽ വലിയ കുഴികൾ കുഴിച്ച് പ്രവൃത്തി നിർത്തിവെക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം പൊതുജനങ്ങളെയാണ് ഏറെബാധിക്കുന്നു- ഇ.ചന്ദ്രശേഖരൻ എം.എൽ.എ.
നീലേശ്വരം ഇടത്തോട് റോഡ്
എസ്റ്റിമേറ്റ് - 42.10 കോടി
കിഫ്ബി പദ്ധതി 2016-17
കാലയളവ് -18 മാസം
തീരേണ്ടത് സെപ്റ്റംബർ 2020
കിളിയളം -വരഞ്ഞൂർ-കമ്മാടം റോഡ്
2016-17 കിഫ്ബി പദ്ധതി
എസ്റ്റിമേറ്റ് 27 കോടി
കാലയളവ് 18 മാസം
തീരേണ്ടത് 2020 സെപ്റ്റംബർ
ചെർക്കള- കല്ലടുക്ക റോഡ്
കിഫ്ബി പദ്ധതി
37.76 കോടി
തീരേണ്ടത് 2019 ഒക്ടോബർ
ചെറുവത്തൂർ ഭീമനടി റോഡ്
കിബ്ഫി പദ്ധതി
98 കോടി(പിന്നിട് 16 കോടി കൂടി)
തീരേണ്ടത് 2019