prathikal

കാസർകോട്: മഞ്ചേശ്വരത്ത് യൂണിവേഴ്സിറ്റി ജീവനക്കാരിക്ക് നേരെ സദാചാര ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പ്രദേശവാസികളായ വിജിത്ത് (29), മുസ്തഫ (43) എന്നിവരാണ് പിടിയിലായത്.

കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം കാമ്പസിൽ നിന്ന് സഹപ്രവർത്തകനൊപ്പം പുറത്തേക്ക് ഇറങ്ങിയ ജീവനക്കാരിക്ക് നേരെയാണ് ആക്രമണം. ബൈക്കിൽ പിന്നാലെ എത്തിയ സംഘം ഈ പ്രദേശത്ത് ആണും പെണ്ണും ഒരുമിച്ച് നടക്കാൻ പാടില്ലെന്ന് താക്കീത് ചെയ്തു. ഉദുമ സ്വദേശിയായ 29 കാരിയുടെ കൈയ്ക്ക് കടന്നുപിടിച്ച സംഘം മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി. വാക്കേറ്റം രൂക്ഷമായതോടെ ഇടപെട്ട സഹപ്രവർത്തകനെയും മർദ്ദിച്ചു. പിന്നാലെ യുവതി മഞ്ചേശ്വരം പൊലീസിൽ പരാതി നൽകുകയായിരുന്നു. ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവർക്കായും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.