medical-collage

പരിയാരം: സർക്കാർ ഏറ്റെടുത്ത് നാലു വർഷമായിട്ടും ആനുകൂല്യം ലഭിക്കാത്തതിനെതിനെ തുടർന്ന് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പ്രത്യക്ഷസമരത്തിലേക്ക്. ആദ്യ പടിയായി ഇന്ന് കരിദിനമാചരിക്കും. ഡോക്ടർമാരുടെ സംഘടനയായ അക്കാഡമി ഓഫ് മെഡിക്കൽ സയൻസ് ടീച്ചേഴ്സ് അസോസിയേഷൻ (ആംസ്റ്റ) നേതൃത്വം നൽകും .

കരിദിനാചരണത്തിന്റെ ഭാഗമായി ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ച് ഡ്യൂട്ടിക്ക് ഹാജരാകും. പ്രതിഷേധ പ്രകടനവും ഉണ്ടാകും. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ ആരെയും സർക്കാർ ഇതുവരെ സർക്കാർ ജീവനക്കാരാക്കിയിട്ടില്ല.

ഡോക്ടർമാരുടെ ആഗിരണ പ്രക്രിയ പൂർത്തിയാക്കാൻ ഒരു നടപടിയും സർക്കാർ കൈകൊള്ളുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. മറ്റ് മെഡിക്കൽ കോളേജിന് തുല്യമായ ശമ്പളം തങ്ങൾക്കും ലഭ്യമാക്കണം എന്നാണ് മറ്റൊരു ആവശ്യം. ഏറ്റെടുത്തശേഷം സർക്കാർ പരിയാരത്തേക്ക് നിയമിച്ച പത്തോളം ഡോക്ടർമാർ ഉയർന്ന ശമ്പളം വാങ്ങുമ്പോഴാണ് പതിറ്റാണ്ടുകളായി പരിയാരത്തുള്ള ഡോക്ടർമാർ അവഗണിക്കപ്പെടുന്നത്.

മാർച്ചിൽ ഉത്തരവിറങ്ങി

മാർച്ച് 16ന് ഡോക്ടർമാരും നേഴ്സുമാരും അടക്കം 772 പേരെ സർക്കാർ ജീവനക്കാരാക്കി ഉത്തരവിറക്കിയിരുന്നെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുകയാണ്. 240 ഓളം ഡോക്ടർമാരാണ് പരിയാരം മെഡിക്കൽ കോളേജിലുള്ളത്. നാലു വർഷം മുമ്പാണ് സ്ഥാപനം ഏറ്റെടുത്തത്. 2016ൽ മെഡിക്കൽ കോളേജ് അന്നത്തെ മെഡിക്കൽ കോളേജ് മാനേജ്മെന്റ് ശമ്പള പരിഷ്കരണ നടപടി കൈകൊണ്ടിരുന്നുവെങ്കിലും അപ്പോഴേക്കും സർക്കാർ ഏറ്റെടുത്തതിനാൽ അത് പ്രാബല്യത്തിൽ വന്നില്ല. ഫലത്തിൽ ആറു വർഷം മുമ്പത്തെ ശമ്പളമാണ് ഇപ്പോഴും മെഡിക്കൽ കോളേജി ലുള്ളത്.