photo-1-

കണ്ണൂർ: അൻപത് വർഷത്തിലേറെയായി കല്ല്യാശേരി കണ്ണപുരം യോഗശാലയിലെ 64 കാരൻ ടി.വി.സുരേന്ദ്രൻ സൈക്കിൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയിട്ട്. ഇതിനതം അഞ്ചു ലക്ഷം കിലോമീറ്റർ ദൂരം സൈക്കിളിൽ പിന്നിട്ടുവെന്നാണ് സുരേന്ദ്രന്റെ അവകാശവാദം.പതിനെട്ടുവയസുമുതൽ എഴുതിയ ഡയറി ഇതിന് സാക്ഷിയായുണ്ട്.

ദൈനം ദിന ആവശ്യങ്ങൾക്കെല്ലാം സുരേന്ദ്രൻ സൈക്കിലാണ് പോകുന്നത്. കൂത്തുപറമ്പ് ,ഇരിട്ടി തുടങ്ങി മണിക്കൂറുകൾ സഞ്ചരിക്കേണ്ട സ്ഥലങ്ങളിലുമെല്ലാം യാത്ര സൈക്കിളിലാണ്.പലരും പരിഹസിച്ചിരുന്നെങ്കിലും ഇപ്പോൾ എല്ലാവരും സൈക്കിൾ സവാരിയുടെ പ്രധാന്യം മനസ്സിലാക്കുന്നതിൽ സന്തോഷമുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. പതിനെട്ടാം വയസ്സിൽ ബീഡിതെറുപ്പ് തുടങ്ങിയപ്പോൾ 20 കിലോമീറ്റർ അകലെയുള്ള കമ്പനിയിലേക്ക് പോയിത്തുടങ്ങിയത് സൈക്കിളിൽ. കഴിഞ്ഞ 28 വർഷമായി കണ്ണൂർ ഡി.ടി.പി.സിയിൽ ഗാർഡണറാണ്. ഇന്നും വരവും പോക്കുമെല്ലാം സൈക്കിളിൽ.

രാവിലെ ഒൻപതിന് വീട്ടിൽ നിന്നിറങ്ങിയാൽ കൃത്യം 9.45 ന് ജോലി സ്ഥലത്തെത്തും.ദിവസവും കുറഞ്ഞത് 35 കിലോ മീറ്റർ യാത്രയുണ്ട്. ബന്ധുക്കളുടെ വീടുകളിൽ പോകുന്നതിനും മറ്റ് വാഹനങ്ങളെ ആശ്രയിച്ചിട്ടില്ല. മകളുടെ കല്യാണം ക്ഷണിക്കാൻ പോയതടക്കം ഇതിൽ പെടും. ജീവിത ശൈലി രോഗങ്ങളൊന്നും തന്റെ പരിസരത്ത് എത്തിയിട്ടില്ലെന്ന് ഇദ്ദേഹം പറയും. വല്ലപ്പോഴും ഒരു പനി വന്നാലായി-സുരേന്ദ്രൻ പറയുന്നു. ഇതുവരെ സൈക്കിൾ തന്നെ ചതിച്ചിട്ടില്ലെന്നും ഇദ്ദേഹം പറയും.

ഹീറോ സൈക്കിൾ തന്നെയാണ് തുടക്കം മുതൽ ഉപയോഗിക്കുന്നത്. ഡി.ടി.പി.സി നൽകിയ ഹീറോ സൈക്കിളാണ് ഇപ്പോഴത്തെ കൂട്ട് .ഭാര്യ ഇ.വി.ശോഭന ഉൾപ്പെടെ ആദ്യം സൈക്കിൾ യാത്രയ്ക്ക് എതിരുനിന്നിരുന്നു. എന്നിട്ടും സുരേന്ദ്രൻ കുലുങ്ങിയില്ല. ഏക മകൾ ശയനക്കായി സൈക്കിളിന്റെ മുൻവശത്ത് പ്രത്യേകം തയ്യാറാക്കിയ സീറ്റുണ്ടായിരുന്നു. ഈ സീറ്റിന് കൊച്ചുമകനാണ് അവകാശി.ഒരോ ദിവസവും സഞ്ചരിച്ച ദൂരം പതിനെട്ടുവർഷമായി ഇദ്ദേഹം കുറിച്ചിട്ടുണ്ട്. ഇത് കൂട്ടിനോക്കിയപ്പോഴാണ് അഞ്ചുലക്ഷം കിലോമീറ്റർ ഇതിനകം സൈക്കിളിൽ പിന്നിട്ടുവെന്ന് മനസിലായതെന്ന് സുരേന്ദ്രൻ പറഞ്ഞു.