
കണ്ണൂർ: അന്തരിച്ച കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഒ.കെ. രാംദാസിന് ജന്മനാടിന്റെ അന്ത്യാഞ്ജലി. തിരുവനന്തപുരത്ത് നിന്നും മൃതദേഹം ഇന്നലെ പുലർച്ചെ കണ്ണൂർ തോട്ടടയിലെ സഹോദരി രമാദേവിയുടെ വീട്ടിലെത്തിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മൃതദേഹം സ്വവസതിയായ തിരുവനന്തപുരം ജഗതിയിലെ മില്ലേനിയം അപ്പാർട്ട്‌മെന്റിൽ പൊതുദർശനത്തിന് വച്ചശേഷമാണ് ജന്മനാടായ കണ്ണൂരിലെത്തിച്ചത്. മൃതദേഹത്തിൽ കോർപ്പറേഷൻ മേയർ ടി.ഒ. മോഹനൻ, മുൻ രഞ്ജി താരവും രാംദാസിന്റെ സഹകളിക്കാരനുമായ എൻ.എം. അമർനാഥ് എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് ഇന്നലെ ഉച്ചയോടെ പയ്യാമ്പലം പൊതുശ്മാശനത്തിൽ സംസ്‌കരിച്ചു. മകൻ കപിൽ രാംദാസ് ചിതക്ക് തീ കൊളുത്തി അന്ത്യകർമങ്ങൾ നിർവഹിച്ചു.
കണ്ണൂർ തളാപ്പാണ് രാംദാസിന്റെ ജന്മാനാടെങ്കിലും തിരുവനന്തപുരത്താണ് ദീർഘകാലമായി താമസം. കണ്ണൂർ എസ്.എൻ കോളജ് ടീം അംഗമായിരിക്കെ പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹം കേരള, കാലിക്കറ്റ് സർവകലാശാലകൾക്ക് വേണ്ടി പാഡണിഞ്ഞാണ് രഞ്ജി ടീമിലേക്കെത്തുന്നത്. കോഴിക്കോട് സർവകലാശാല ടീം ക്യാപ്റ്റനായിരുന്ന രാംദാസ് 20ാം വയസിലാണ് കേരള രഞ്ജി ട്രോഫി ടീമിലെത്തുന്നത്. തുടർന്ന് 13 വർഷം കേരള ടീമിനായി കളിക്കളത്തിലിറങ്ങി.