mahe-police

മാഹി: കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷണ സംഘത്തെ മാഹി പൊലീസ് സാഹസികമായ നീക്കത്തിലൂടെ ഡൽഹിയിൽ പിടികൂടി. പള്ളൂരിലെ ഇ പ്ലാനറ്റ് എന്ന ഇലക്ട്രോണിക്ക് ഷോപ്പിൽ നിന്നും എട്ട് ലക്ഷം രൂപയുടേയും, ഇരട്ടപ്പിലാക്കൂൽ 1മൊബി ഹബ് എന്ന കടയിൽ നിന്ന് നാല് ലക്ഷം രൂപയുടേയും മൊബൈൽ ഫോണുകളും, സ്മാർട്ട് വാച്ചുകളും മോഷ്ടിച്ച അന്തർ സംസ്ഥാന റാക്കറ്റിലെ കണ്ണികളെയാണ് പിടികൂടിയതെന്ന് മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂൺ രണ്ടിന് രാത്രിയിലാണ് ഒരു മണിക്കൂറിനുള്ളിൽ പള്ളൂരിലെ രണ്ട് കടകളിലും മോഷണം നടത്തിയത്.
സി.സി ടി.വി. കാമറകളിൽ നിന്നും മോഷണസംഘമെത്തിയ ഓട്ടോറിക്ഷയുടെ നമ്പർ ലഭിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മോഷണസംഘം ഓട്ടോയിലെത്തിയതെന്ന് മനസ്സിലായി. റെയിൽവേ സ്റ്റേഷനിലെ കാമറകൾ പരിശോധിച്ചപ്പോൾ, സംഘത്തെക്കുറിച്ചുള്ള സൂചനകൾ കിട്ടി. അന്യസംസ്ഥാനങ്ങളിൽ നടന്ന സമാനമായ മോഷണ രീതികൾ പരിശോധിച്ചപ്പോൾ
ഇത് ബീഹാറിലെ മോത്തി ഹാരി എന്ന സ്ഥലത്തെ 'ഗോദാ ഹസൻ ഗാങ്ങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ കൊള്ളസംഘത്തിന്റെ രീതിയുമായി സാമ്യമുള്ളതാണെന്ന് തെളിഞ്ഞു. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ കൈരേഖകളിൽ ചിലത് ഡൽഹിയിലെ ദ്വാരക പൊലീസ് സ്റ്റേഷനിൽ കളവ് കേസ് പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് വാസിർ ഖാൻ എന്നയാളുടേതാണെന്ന് മനസ്സിലായി. തുടർന്ന് എസ്.ഐ ഇളങ്കോവിന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി വാസിർ ഖാന്റെ ഫോൺ നമ്പർ ശേഖരിച്ച് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കപഷേര എന്ന സ്ഥലത്ത് വച്ച് പിടിയിലായി. വാസിർ ഖാന്റെ ഒന്നിച്ചുണ്ടായിരുന്ന രാഹുൽ ജയ്സ്വാൾ, മുസ്ലിം ആലം എന്നിവരെ സി.സി.ടി.വി. ഫ്യൂട്ടേജിൽ നിന്നും ലഭിച്ച ചിത്രത്തിലൂടെ തിരിച്ചറിഞ്ഞു. ഇവരെയും പിടികൂടി. ഇവർ പത്ത് ദിവസം കുറ്റിയാടിയിൽ കൂലിവേലക്കാർ എന്ന നിലയിൽ വാടകക്ക് താമസിച്ചിരുന്നു.

മോഷ്ടിച്ച ഫോണുകൾ സ്വന്തം നാടായ ബീഹാറിലെ മോത്തിഹാരിയിൽ ഇവർ വിൽപ്പന നടത്തിയിരുന്നു.
20 ദിവസം ഡൽഹിയിൽ തങ്ങിയാണ് എസ്.ഐ ഇളങ്കോവിന്റെ നേതൃത്വത്തിൽ മാഹി പൊലീസിലെ എ.എസ്.ഐമാരായ കിഷോർ കുമാർ, സുനിൽ കുമാര, പ്രസാദ്, പൊലീസുകാരായ ശ്രീജേഷ്, രാജേഷ്, നിഷിത്ത്, പ്രീത് എന്നിവർ മൂന്ന് പ്രതികളേയും മാഹിയിലെത്തിച്ചത്. പ്രതികളെ ഇന്ന് മാഹി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് എസ്.പി. രാജശങ്കർ വെള്ളാട്ട് പറഞ്ഞു. ഇവിടെ ജോലി ചെയ്യുന്ന ചില ഉത്തരേന്ത്യൻ തൊഴിലാളികളാണ് സ്ഥാപനങ്ങളെക്കുറിച്ചും വീടുകളക്കുറിച്ചുമെല്ലാം മോഷണസംഘത്തിന് വിവരം നൽകുന്നതെന്ന് മനസ്സിലായിട്ടുണ്ടെന്നും, ഇത്തരക്കാരെ കുറിച്ച് നാട്ടുകാർ ബോധവാൻമാരായിരിക്കണമെന്നും എസ്.പി ഓർമ്മിപ്പിച്ചു.