തലശ്ശേരി: മാഹിയിൽ നിന്നും പെട്രോളിയം ഉൽപ്പന്നങ്ങൾ വൻതോതിൽ കേരളത്തിലേക്ക് കടത്തുന്നത് മൂലം കേരള സർക്കാരിന് കോടികളുടെ നികുതി നഷ്ടം. 12,000 ലിറ്ററിന്റെ ടാങ്കർ ലോറിയിൽ ഒറ്റലോഡ് കടത്തിയാൽ 1,40,000 രൂപ കൈയിൽ വരുമെന്നതാണ് കടത്തുകാരെ പ്രലോഭിപ്പിക്കുന്നത്. വണ്ടി ചാർജും കാണേണ്ടവരെ കാണുന്നതിന്റെ ചിലവും കഴിച്ചാൽ തന്നെ ഒരു ലക്ഷം രൂപ കൈ നനയാതെ ലഭിക്കുമെന്നതാണ്

ഈ ഒറ്റലോഡിൽ കേരളത്തിന് 3 ലക്ഷത്തിലേറെ രൂപ നികുതി നഷ്ടം വരും.കഴിഞ്ഞ മൂന്ന് മാസക്കാലമായി മാഹിയിൽ നിന്ന് ഇന്ധനക്കടത്ത് തുടരുകയാണ്.ഒരു ലിറ്ററിൽ മാത്രം 10 രൂപയുടെ വ്യത്യാസം കേരളവും മാഹിയും തമ്മിലുണ്ട്. മിക്കപ്പോഴും കടത്തിന് നേരെ കണ്ണടക്കുകായാണ് ഉദ്യോഗസ്ഥർ.കഴിഞ്ഞ ദിവസം തലശ്ശേരി എ.സി.പി. വിഷ്ണുപ്രദീപ് ചൊക്ലിയിൽ വച്ച് ഇന്ധനം അനധികൃതമായി കടത്തുകയായിരുന്ന ലോറി പിടികൂടിയിരുന്നു. പാലക്കാട് സ്വദേശികളായ ബേബി, കൃഷ്ണദാസ് എന്നിവരെ സംഭവത്തിൽ അറസ്റ്റ് ചെയ്ത അന്നു രാത്രി തന്നെ അദ്ദേഹത്തിന് പേരാമ്പ്രയിലേക്ക് സ്ഥലം മാറ്റവും കിട്ടി.
എണ്ണക്കമ്പനികളിൽ നിന്നും ഇന്ധനം പമ്പുകളിലെത്തിക്കുമ്പോൾ ജി.പി.എസ് ഘടിപ്പിച്ച ടാങ്കറുകളിലാണ്. ലോഡ് പമ്പിലെത്തിയാൽ കമ്പനിയിൽ നിന്ന് സന്ദേശം ലഭിക്കും. 'പമ്പുകാർ തിരിച്ചും കമ്പനിക്ക് സന്ദേശമയക്കും.

ഓപ്പറേഷൻ രാത്രിയിൽ

രാത്രി 11 നും പുലർച്ചെ 3 മണിക്കുമിടയിൽ പമ്പിലെ ലൈറ്റണച്ച് ചെറുമോട്ടോർ ഉപയോഗിച്ചാണ് അനധികൃതമായി ലോറിയിൽ ഇന്ധനം നിറയ്ക്കുന്നത്.ഇത് കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് കൊണ്ടു പോകും.ഇതിനായി പ്രത്യേകസംഘങ്ങൾ തന്നെയുണ്ട്.വലിയ ടാങ്കറുകളിൽ 12,000 ലിറ്ററാണ് ഒറ്റയടിക്ക് കൊണ്ടു പോകുന്നത്. മാഹി, പളളൂർ മേഖലകളിലെ പമ്പുകളിൽ ഒഴിയാത്ത തിരക്കുള്ളതിനാൽ പന്തക്കൽ ഭാഗത്തുള്ള പമ്പുകളെയാണ് കടത്തുകാർ കൂടുതലും ആശ്രയിക്കുന്നത്. മത്സ്യ ബന്ധന തുറമുഖം, മണ്ണ് മാന്തിയന്ത്രങ്ങൾ, റോഡ് റോളറുകൾ എന്നിവയ്ക്ക് വേണ്ടി നൂറ്, ഇരുന്നൂറ് ലിറ്ററുകൾകൊള്ളുന്ന വലിയ കാനുകളിലും ഇന്ധനം പതിവായി കടത്തുന്നുണ്ട്. പന്തക്കൽ ഭാഗങ്ങളിലെ പമ്പുകളിൽ മൂന്ന് മാസത്തിലെ വ്യാപാരം മൂന്നിരട്ടിയായി വർദ്ധിച്ചുവെന്നാണ് വിവരം. 30 ലക്ഷം നികുതിയടച്ചിരുന്ന ഈ പമ്പുകൾ ഇപ്പോൾ 80 ലക്ഷത്തിന് മുകളിൽ നികുതി അടയ്ക്കുന്നുണ്ട്. ഒറ്റ ദിവസം തന്നെ രണ്ടും മൂന്നും ലോഡുകൾ ഇവിടെ നിന്ന് അനധികൃതമായി കടത്തുന്നതായാണ് വിവരം.