vazha
നിലംപതിച്ച വാഴകളുടെ നടുവിൽ ചാളക്കടവിലെ ടി. കുമാരൻ

ചാളക്കടവ്: വാഴകൃഷി കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നവരാണ് മടിക്കൈ ഗ്രാമപഞ്ചായത്തിലെ വലിയൊരു വിഭാഗം കർഷകർ. മക്കളെക്കാളും കരുതലോടെയാണ് ഇവർ വാഴക്കന്നുകളുടെ വളർച്ചയെ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ കാറ്റും മഴയും വെള്ളക്കെട്ടുമൊക്കെയായി തകർന്നടിഞ്ഞുനിൽക്കുന്ന വാഴത്തോട്ടത്തിന് മുന്നിൽ ചങ്കുപൊട്ടി നിൽക്കുകയാണ് ഇന്ന് ഇവരെല്ലാം.

വിള ഇൻഷൂറൻസിന്റെ പരിധിയിലും ഈ പാവങ്ങൾ ഉൾപ്പെട്ടിട്ടില്ല.പൊടിക്കണ്ടത്തിൽ വാഴ നട്ടതിന് നഷ്ടപരിഹാരം കിട്ടില്ലെന്നാണ് കൃഷിവകുപ്പ് അധികൃതരുടെ വാദം. ശക്തമായ മഴയും കാറ്റും വില്ലനായതോടെ കണിച്ചിറ പുഴയും ചാളക്കടവ് ചാലും കരകവിഞ്ഞതാണ് കൃഷി പാടെ തകർന്നതിന് കാരണം. കടംവാങ്ങിയതും കരുതിവച്ചതുമൊക്കെയെടുത്താണ് കൃഷി തുടങ്ങിയത്. പത്തും പതിനഞ്ചും ദിവസം കഴിഞ്ഞിട്ടും വെള്ളം ഇറങ്ങാത്തതെ ചീഞ്ഞുതുടങ്ങിയ വാഴകൾ നിലംപതിക്കുകയാണിവിടെ. ഓണക്കാലത്തെ പ്രതീക്ഷിച്ച് വിളവെടുക്കാവുന്ന രീതിയിലായിരുന്നു ഇവരുടെ കൃഷി.

ആയിരവും അഞ്ഞൂറും നേന്ത്രവാഴകൾ കൃഷി ചെയ്ത കർഷകരിൽ പലരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയുകയാണിവിടെ. ഒരു വർഷം മുഴുവനും കുടുംബത്തിന് ജീവിക്കാനുള്ള വകയാണ് വെള്ളത്തിൽ വീണ് നശിച്ചു കിടക്കുന്നത്. ചാളക്കടവ്, മണക്കടവ്, കണിച്ചിറ, കാലിചാംപൊതി, അരയി, ആലയി, കീക്കാംകോട്ട്, നൂഞ്ഞി, പുളിക്കാൽ, അമ്പലത്തേര, കോട്ടക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ റോഡരികിലും പാടങ്ങളിലുമായി എൺപതിനായിരത്തോളം വാഴകളാണ് നശിച്ചുകിടക്കുന്നത്.

ഒന്നരലക്ഷം വാഴകൾ

മടിക്കൈ പഞ്ചായത്തിൽ മാത്രം കൃഷിക്കാരും കർഷക കൂട്ടായ്മകളും എല്ലാ വർഷവും ഒന്നര ലക്ഷത്തിലധികം വാഴകൾ നടാറുണ്ട്. പതിനാറു രൂപ വരെ നൽകി തമിഴ്‌നാട്ടിലെ മേട്ടുപാളയത്ത് നിന്ന് എട്ട് മാസം മുമ്പ് കൊണ്ടുവന്ന കന്നുകളാണ് ഉപയോഗിച്ചത്. വിളവെടുത്താൽ 10 മുതൽ 15 കിലോ വരെ തൂക്കമുള്ള കുലകൾ ലഭിക്കും. കിലോവിന് 45 മുതൽ 50 രൂപ വരെ വിലകിട്ടും.

എല്ലാം പോയി ബാങ്ക് ലോൺ മാത്രം ബാക്കിയുണ്ട്. നഷ്ടപരിഹാരം കിട്ടുമെന്ന പ്രതീക്ഷയും ഞങ്ങൾക്കില്ല. ഒരു കൊല്ലത്തെ വരുമാനമാർഗമാണ് അടഞ്ഞത്. വീണുകിടക്കുന്ന കുലകൾ ആരെടുക്കാനാണ്. ഇനി വെയിൽ ഉദിച്ചു തുടങ്ങിയാൽ എല്ലാം വാടിവീഴും .

വാസു തലയത്ത് -നേന്ത്ര വാഴ കർഷകൻ ചാളക്കടവ്

ലോൺ എടുത്താണ് കൃഷി ചെയ്തത്. ഇത്തവണ നല്ല വിളവ് കിട്ടുമെന്ന് കരുതിയതാണ്. ആ പ്രതീക്ഷയെല്ലാം തകർന്നു. ഇത് മൂന്നാം തവണയാണ് കാലവർഷം ചതിക്കുന്നത്.

ടി.കുമാരൻ ( നേന്ത്രവാഴ കൃഷിക്കാരൻ